മാലിന്യ പ്രശ്‌നത്തിൽ അന്ധമായ രാഷ്ട്രീയം കാണരുതെന്ന് മന്ത്രി എംബി രാജേഷ്. റെയിൽവേയുടെ ഭാഗത്ത് നിന്നും അനാസ്ഥ തുടർന്നാൽ കർശന നടപടിയിലേക്ക് കടക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.
സർക്കാരിന് ഇതൊരു കക്ഷിരാഷ്ട്രീയ പ്രശ്‌നമല്ല. റെയിൽവേയുടെ ഭൂമിയിൽ സർക്കാരിനോ നഗരസഭയ്‌ക്കോ നേരിട്ട് ഒന്നും ചെയ്യാൻ സാധിക്കില്ല. റെയിൽവേയുടെ അധീനതയിൽ വരുന്ന സ്ഥലത്തെ മാലിന്യ സംസ്‌കരണം റെയിൽവേയുടെ ഉത്തരവാദിത്വമാണെന്ന് അവർ തന്നെ സമ്മതിക്കുന്നുണ്ട്.
ജോയിയുടെ മരണത്തിൽ സർക്കാരിനെയും തിരുവനന്തപുരം നഗരസഭയെയും പ്രതിക്കൂട്ടിലാക്കാനാണ് ചിലർക്ക് വ്യഗ്രത. മാലിന്യ സംസ്‌കരണം ഒരു പ്രത്യേക വ്യക്തിയുടെ ഉത്തരവാദിത്വമല്ല. എല്ലാവരുടെയുമാണെന്ന് അദ്ദേഹം പറഞ്ഞു.
മാലിന്യപ്രശ്നം പരിഹരിക്കാൻ സർക്കാർ നടത്തുന്ന ശ്രമത്തിന് നല്ല ഫലമുണ്ടായിട്ടുണ്ട്. ദുരന്തത്തിൽ രാഷ്ട്രീയ മുതലെടുപ്പിനായി വ്യഗ്രത കാണിച്ചത് ഒഴിവാക്കേണ്ടതായിരുന്നു. ഇല്ലാത്ത ഉത്തരവാദിത്തം സർക്കാരിനുമേൽ അടിച്ചേൽപ്പിക്കാനാണ് പ്രതിപക്ഷ നേതാവടക്കം ശ്രമിച്ചത്. രാഷ്ട്രീയമായ കുറ്റപ്പെടുത്തലിന് അദ്ദേഹത്തിന് അൽപംകൂടി കാക്കാമായിരുന്നു. ആ വിവേകം പ്രതീക്ഷിച്ചെങ്കിലും ഉണ്ടായില്ല.
മാലിന്യ പ്രശ്നം പരിഹരിക്കാൻ പ്രതിപക്ഷ സഹകരണം ഉണ്ടാകണം. ഇക്കാര്യത്തിൽ പ്രതിപക്ഷ ഉപനേതാവിന്റെ സഹകരണത്തിന് നന്ദി പറയുന്നുവെന്നും മന്ത്രി പറഞ്ഞു.