തിരുവനന്തപുരം: സംസ്ഥാനത്തെ കെഎസ്ആർടിസി സ്വിഫ്റ്റ് ഡ്രൈവർമാർക്ക് മുന്നറിയിപ്പുമായി ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ. ദീർഘദൂര യാത്രകളിൽ മത്സരയോട്ടം പാടില്ലെന്ന് മന്ത്രി ഡ്രൈവർമാർക്ക് നിർദേശം നൽകി.ബസുകൾ നിർത്തുമ്പോൾ ഇടതുവശം ചേർത്ത് ഒതുക്കി നിർത്തണം.ഫോണിൽ സംസാരിച്ചുകൊണ്ട് വാഹനം ഓടിക്കരുത്. അനാവശ്യമായി ഡീസൽ പാഴാക്കരുതെന്നതുൾപ്പെടെയാണ് മന്ത്രിയുടെ നിർദേശങ്ങൾ.അതെസമയം ഇവ ലംഘിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നും ഗതാഗത മന്ത്രി വ്യക്തമാക്കി.
കെഎസ്ആർടിസിയിലെ ബ്രീത്ത് അനലൈസർ പരിശോധന ഫലപ്രാപ്തിയിലേക്കെന്നും കെ ബി ഗണേഷ് കുമാർ പറഞ്ഞു. ബസ് ഇടിച്ചുണ്ടാകുന്ന മരണത്തിലും അപകടത്തിലും ഗണ്യമായ കുറവുണ്ട്. അഞ്ചു മുതൽ ഏഴ് അപകടമരണങ്ങളാണ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നത്. ഇപ്പോൾ പരിശോധന ആറ് ആഴ്ച പിന്നിടുമ്പോൾ പൂജ്യം മുതൽ ഒന്നു വരെയാണ് മരണമെന്നും മേജർ ആക്‌സിഡന്റുകളുടെ എണ്ണം കുറഞ്ഞെന്നും മന്ത്രി വ്യക്തമാക്കി.
ബസ് തടഞ്ഞ് നിർത്തുകയോ, കൈകാര്യം ചെയ്യുകയോ ചെയ്യരുതെന്ന് യാത്രക്കാർക്കുള്ള നിർദേശത്തിൽ മന്ത്രി പറഞ്ഞിരുന്നു. കെഎസ്ആർടിസി ജീവനക്കാരെ അടിക്കരുത്. ജനങ്ങൾ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യേണ്ട. അത് ഗതാഗത വകുപ്പ് കൈകാര്യം ചെയ്യും. യാത്രക്കാർക്ക് പരാതിയുണ്ടെങ്കിൽ വീഡിയോ എടുത്ത് അയക്കാമെന്നും ഇതിനായി വാട്‌സ്ആപ്പ് നമ്പർ പ്രസിദ്ധീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
വൈഫൈ ഉപയോഗിച്ച് ബസുകളിലെ ക്യാമറ കാസ്റ്റ് ചെയ്യാൻ തീരുമാനിച്ചെന്നും അദ്ദേഹം പറഞ്ഞു. കെഎസ്ആർടിസി ഹെഡ് ഓഫീസിലേക്ക് വിഷ്വലുകൾ വരും. എന്ത് പരാതിയും നേരിട്ട് കാണാൻ കഴിയും. പുതിയ പ്രീമിയം ബസിൽ ഇതിന്റെ ട്രയൽ നടത്തും. കെഎസ്ആർടിസിയിൽ സുപ്പർ കമ്പ്യൂട്ടറൈസേഷൻ നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.