കൊച്ചി: കേരളത്തിൽ ആണവനിയം സ്ഥാപിക്കുമെന്ന റിപ്പോർട്ടുകളിൽ ആദ്യമായി പ്രതികരിച്ച് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി.ആണവനിയം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പ്രാരംഭ ചർച്ചകൾ നടന്നിട്ടില്ലെന്നാണ് മന്ത്രിയുടെ പ്രതികരണം. വിശദമായ ചർച്ചകൾക്ക് ശേഷമാവും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക എന്ന് പറഞ്ഞ മന്ത്രി കേരളത്തിന് പുറത്ത് ആണവനിലയം സ്ഥാപിച്ചാലും സംസ്ഥാനത്തിന് വൈദ്യുതി വിഹിതം കിട്ടുമെന്നും കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് പീക്ക് സമയത്തെ വൈദ്യുതി നിരക്ക് കൂട്ടാൻ ആലോചനയുണ്ട്.പകൽ സമയത്ത് നിരക്ക് കുറച്ച് പീക്ക് സമയത്ത് കൂട്ടാനാണ് ചർച്ചകൾ നടക്കുന്നതെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ ആദ്യ ആണവ വൈദ്യുതനിലയം സ്ഥാപിക്കാൻ കെഎസ്ഇബിയും ഊർജവകുപ്പും ശ്രമം തുടങ്ങിയെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.
220 മെഗാവാട്ടിന്റെ 2 പദ്ധതികളിലായി 440 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുകയാണു ലക്ഷ്യം. രണ്ടു പദ്ധതിയും ഒരിടത്തു സ്ഥാപിക്കാം. അതിരപ്പിള്ളി, ചീമേനി ഉൾപ്പെടെയുള്ള സ്ഥലങ്ങളാണ് കെഎസ്ഇബിയുടെ പരിഗണനയിലുള്ളതെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. 7000 കോടിയാണ് സംസ്ഥാനത്ത് ആണവനിലയം സ്ഥാപിക്കുന്നതിന് പ്രതീക്ഷിക്കുന്ന ചിലവ്.
സംസ്ഥാനത്തിനു കുറഞ്ഞ വിലയ്ക്ക് 450 മെഗാവാട്ട് വൈദ്യുതി കൂടംകുളത്തുനിന്നോ രാജസ്ഥാനിലെ ആണവ വൈദ്യുതപദ്ധതിയിൽ നിന്നോ ഉടൻ ലഭിക്കുന്നതിന്റെ സാധ്യത ന്യൂക്ലിയർ കോർപറേഷനുമായി ചർച്ച ചെയ്തിരുന്നു. ടെൻഡറിലൂടെ മാത്രമേ ഇവിടെനിന്നു വൈദ്യുതി ലഭിക്കൂ. എന്നാൽ, ആണവ വൈദ്യുതപദ്ധതി തുടങ്ങുന്ന സംസ്ഥാനത്തിന് ഉൽപാദിപ്പിക്കുന്ന വൈദ്യുതിയുടെ പകുതി ലഭിക്കും. ഇക്കാര്യം പരിഗണിച്ചാണു കേരളവും ആണവ വൈദ്യുതനിലയം എന്ന ആശയത്തിലേക്ക് എത്തിയത് .