തുടര്‍ച്ചയായി മന്ത്രി; എ.കെ. ശശീന്ദ്രന് റെക്കോര്‍ഡ്

കൂടുതല്‍ കാലം തുടര്‍ച്ചയായി മന്ത്രിപദവിയിലിരുന്നതിന്റെ റെക്കോര്‍ഡ് എ.കെ.ശശീന്ദ്രന്. മുഖ്യമന്ത്രി ഒഴികെയുള്ള കണക്കാണിത്. പിണറായി വിജയന്റെ രണ്ടു മന്ത്രിസഭകളിലായി ശശീന്ദ്രന്‍ തുടര്‍ച്ചയായി 2365 ദിവസമായി മന്ത്രിയാണ്.

author-image
Prana
New Update
Saseendran
Listen to this article
0.75x 1x 1.5x
00:00 / 00:00

കൂടുതല്‍ കാലം തുടര്‍ച്ചയായി മന്ത്രിപദവിയിലിരുന്നതിന്റെ റെക്കോര്‍ഡ് എ.കെ.ശശീന്ദ്രന്. മുഖ്യമന്ത്രി ഒഴികെയുള്ള കണക്കാണിത്. പിണറായി വിജയന്റെ രണ്ടു മന്ത്രിസഭകളിലായി ശശീന്ദ്രന്‍ തുടര്‍ച്ചയായി 2365 ദിവസമായി മന്ത്രിയാണ്. പാര്‍ട്ടിയും ഇടതുമുന്നണിയുമാണ് മന്ത്രി പദത്തില്‍ നീണ്ട നാള്‍ തുടരാന്‍ അവസരം ഒരുക്കിയതെന്ന് എ കെ ശശീന്ദ്രന്‍ പറഞ്ഞു.രണ്ടാം അച്യുതമേനോന്‍ മന്ത്രിസഭയിലെ ബേബി ജോണ്‍, കെ.അവുക്കാദര്‍കുട്ടി നഹ, എന്‍.കെ.ബാലകൃഷ്ണന്‍ (മൂവരും 1970 ഒക്ടോബര്‍ 4  1977 മാര്‍ച്ച് 25; 2364 ദിവസം) എന്നിവര്‍ക്കൊപ്പമായി ഇന്ന് (2024 ജൂലൈ 23) ശശീന്ദ്രന്‍. 2018 ഫെബ്രുവരി 1 മുതല്‍ ശശീന്ദ്രന്‍ തുടര്‍ച്ചയായി മന്ത്രിയാണ്. ഇടവേളയില്ലാതെ ഇടയ്ക്ക് ഒരു സത്യപ്രതിജ്ഞ (2021 മേയ് 20) ഉണ്ടായെന്നു മാത്രം. നേരത്തേ ഒന്നാം പിണറായി മന്ത്രിസഭയില്‍ ശശീന്ദ്രന്‍ 306 ദിവസം (2016 മേയ് 25  2017 മാര്‍ച്ച് 27) മന്ത്രിയായിരുന്നു.ഒരു മന്ത്രിസഭയില്‍നിന്നു രാജിവച്ച് അതേ മന്ത്രിസഭയില്‍ത്തന്നെ തിരിച്ചെത്തിയ 7 പേരില്‍ ഒരാളാണ് ശശീന്ദ്രന്‍. മുഖ്യമന്ത്രിയെ ഉള്‍പ്പെടുത്തിയാല്‍ ഇക്കാര്യത്തില്‍ ശശീന്ദ്രന് രണ്ടാം സ്ഥാനമാണ്. തുടര്‍ച്ചയായി പദവിയിലിക്കുന്നവരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ (2016 മേയ് 25 മുതല്‍ ഇന്നുവരെ 2981 ദിവസം) ആണ് ഒന്നാമന്‍. മുഖ്യമന്ത്രി സി. അച്യുതമേനോന്‍ (1970 ഒക്ടോബര്‍ 4  1977 മാര്‍ച്ച് 25; 2364 ദിവസം) ശശീന്ദ്രനോടൊപ്പം രണ്ടാമന്‍.