മൈക്രോഫിനാന്‍സ് തട്ടിപ്പ്: കേസെടുത്ത് പൊലീസ്; തുഷാര്‍ രണ്ടാംപ്രതി

2018 മെയ് നാലിന് സംഘടന മുഖേന യൂണിയന്‍ബാങ്ക് കലവൂര്‍ ശാഖയില്‍നിന്ന് ലഭ്യമാക്കിയ 6.5 ലക്ഷം രൂപയുടെ വായ്പ, തട്ടിപ്പിന് ഉപയോഗിച്ചതായി പ്രഥമവിവര റിപ്പോര്‍ട്ടില്‍ പറയുന്നു.

author-image
Prana
New Update
thushar vellappalli
Listen to this article
0.75x 1x 1.5x
00:00 / 00:00

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ ബിഡിജെഎസ് ചെയര്‍മാന്‍ തുഷാര്‍ വെള്ളാപ്പള്ളിയെ രണ്ടാംപ്രതിയാക്കി ചേര്‍ത്തല പൊലീസ് കേസെടുത്തു. എസ്എന്‍ഡിപി യോഗം ചേര്‍ത്തല യൂണിയനില്‍പ്പെട്ട പള്ളിപ്പുറം ശാഖായോഗത്തിലെ ഗുരുചൈതന്യം സ്വയംസഹായസംഘത്തിന്റെ പരാതിയിലാണ് നടപടി.

വിശ്വാസവഞ്ചന, ചതി ഉള്‍പ്പെടെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് വെള്ളിയാഴ്ച കോടതിയില്‍ പ്രഥമവിവരറിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. തട്ടിപ്പ് നടക്കുമ്പോള്‍ യൂണിയന്‍ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയര്‍മാനായിരുന്നു തുഷാര്‍. നിലവില്‍ എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റും എന്‍ഡിഎ സംസ്ഥാന കണ്‍വീനറുമാണ്.

എസ്എന്‍ഡിപി യോഗം ചേര്‍ത്തല യൂണിയന്‍ കണ്‍വീനറായിരുന്ന, അന്തരിച്ച കെ കെ മഹേശന്‍ ഒന്നാംപ്രതിയും ഓഫീസ് ജീവനക്കാരനായിരുന്ന സുരേന്ദ്രന്‍ മൂന്നാംപ്രതിയുമാണ്.2018 മെയ് നാലിന് സംഘടന മുഖേന യൂണിയന്‍ബാങ്ക് കലവൂര്‍ ശാഖയില്‍നിന്ന് ലഭ്യമാക്കിയ 6.5 ലക്ഷം രൂപയുടെ വായ്പ, തട്ടിപ്പിന് ഉപയോഗിച്ചതായി പ്രഥമവിവര റിപ്പോര്‍ട്ടില്‍ പറയുന്നു.

പലിശയിനത്തില്‍ 1,11,465 രൂപ ഉള്‍പ്പെടെ നിശ്ചിത ഗഡുക്കളായി യൂണിയന്‍ ഓഫീസില്‍ കൃത്യമായി അടച്ചെങ്കിലും അവിടെനിന്ന് ബാങ്കിന് നല്‍കിയില്ല. അരലക്ഷത്തോളം രൂപ മാത്രമാണ് യൂണിയന്‍ അടച്ചത്. ശേഷിച്ച തുക പ്രതികള്‍ കൈക്കലാക്കി. എന്നാല്‍ വായ്പത്തുകയും പലിശയും പൂര്‍ണമായി അടച്ച് വായ്പയിടപാട് അവസാനിപ്പിച്ചതായി യൂണിയന്‍ ഓഫീസിലെ പാസ്ബുക്കില്‍ രേഖപ്പെടുത്തി സീല്‍ പതിപ്പിച്ച് സംഘത്തിന് നല്‍കിയെന്നും പ്രഥമവിവര റിപ്പോര്‍ട്ടില്‍ പറയുന്നു.

അംഗങ്ങള്‍ക്ക് ജപ്തിനോട്ടീസ് ലഭിച്ചതോടെയാണ് തട്ടിപ്പ് വെളിപ്പെട്ടത്. സംഘാംഗങ്ങള്‍ യൂണിയന്‍ ഭാരവാഹികളെ സമീപിച്ചപ്പോള്‍ ഉടന്‍ പ്രശ്നം പരിഹരിക്കാമെന്ന് ഉറപ്പ് നല്‍കിയെങ്കിലും പാലിച്ചില്ല. ഇതോടെ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. നിലവിലെ യൂണിയന്‍ അഡ്മിനിസ്ട്രേറ്റര്‍ ടി അനിയപ്പന്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായി നല്‍കിയ ഉറപ്പും പാലിക്കാത്തതിനാലാണ് കേസെടുത്തത്.

thushar vellappally micro finance scam case