തിരുവനന്തപുരം: തലസ്ഥാനത്തെ മെട്രോയ്ക്ക് 11,560.8 കോടി രൂപ ചെലവ് വരുമെന്ന് പ്രാഥമിക വിലയിരുത്തൽ.കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്(കെ.എം.ആർ.എൽ.) സംസ്ഥാന സർക്കാരിനു സമർപ്പിച്ച പ്രാഥമിക പദ്ധതിരേഖയിലാണ് വിശദമായ വിവരങ്ങൾ ഉള്ളത്.നിർമാണ പുനരധിവാസ പ്രവർത്തനങ്ങൾക്കുള്ള ആകെ തുകയാണ് ഇപ്പോൾ തയ്യാറാക്കിയിരിക്കുന്ന പദ്ധതിരേഖയിൽ പറഞ്ഞിരിക്കുന്നത്.
ഡിഎംആർസി തയ്യാറാക്കിയ എസ്റ്റിമേറ്റ് പ്രകാരം പള്ളിപ്പുറം ടെക്‌നോസിറ്റി മുതൽ കരമന, കൈമനം വഴി പള്ളിച്ചൽ വരെ 27.4 കിലോമീറ്റർ ദൂരത്തിലാണ് ഒന്നാംഘട്ടം വിഭാവനംചെയ്തിരിക്കുന്നത്.കഴക്കൂട്ടം, ടെക്‌നോപാർക്ക്, ലുലുമാൾ, ചാക്ക, ഈഞ്ചയ്ക്കൽ വഴി കിള്ളിപ്പാലം വരെ 14.7 കിലോമീറ്റർ രണ്ടാം ഘട്ടത്തിലും നടപ്പാക്കും.
പള്ളിപ്പുറത്തെ ടെക്‌നോസിറ്റി മുതൽ പള്ളിച്ചൽ വരെയുള്ള ആദ്യ ഘട്ടത്തിൽ 7,503.18 കോടി രൂപയും കഴക്കൂട്ടം മുതൽ കിള്ളിപ്പാലം വരെയുള്ള രണ്ടാം ഘട്ടത്തിൽ 4,057.7 കോടി രൂപയും വിനിയോഗിക്കും.പദ്ധതിയുടെ നടത്തിപ്പ് ഏജൻസിയായ കെഎംആർഎൽ ഫെബ്രുവരിയിൽ സമർപ്പിച്ച പ്രാഥമിക പദ്ധതിരേഖയ്ക്ക് അടുത്ത മാസം അംഗീകാരം ലഭിച്ചേക്കുമെന്ന് സംസ്ഥാന സർക്കാരുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു.
പദ്ധതിരേഖ അനുസരിച്ച്, മൊത്തം ചെലവ്, ഇലക്ട്രിക്കൽ, സിഗ്നലിംഗ്, ടെലികമ്മ്യൂണിക്കേഷൻ ജോലികൾ കൂടാതെ റോളിംഗ് സ്റ്റോക്ക്, പരിസ്ഥിതി സംരക്ഷണം, പുനരധിവാസം എന്നിവയും ഇതിൽ ഉൾക്കൊള്ളുന്നു.റിപ്പോർട്ടനുസരിച്ച് 30.8 കിലോമീറ്റർ ആദ്യ ഇടനാഴിയിൽ 25 സ്റ്റേഷനുകളും 15.9 കിലോമീറ്റർ ദൈർഘ്യമുള്ള രണ്ടാമത്തെ ഇടനാഴിയിൽ 13 സ്റ്റേഷനുകൾ ഉണ്ടാകും. അതിൽ 11 എണ്ണം ഉയരത്തിലും,കിഴക്കേക്കോട്ടയിലും കിള്ളിപ്പാലം ജംഗ്ഷനിലും രണ്ട് ഭൂഗർഭ സ്റ്റേഷനുകളും നിർമ്മിക്കും.
മാത്രമല്ല കഴക്കൂട്ടവും കിള്ളിപ്പാലവും ടെർമിനലുകളാകും. പദ്ധതി അവലോകനം ചെയ്യുന്നതിനായി മുൻ ചീഫ് സെക്രട്ടറി കെ എം എബ്രഹാമിൻ്റെ നേതൃത്വത്തിൽ ഏപ്രിൽ 15 ന് സംസ്ഥാന സർക്കാർ ഉന്നതതല യോഗം വിളിച്ചിരുന്നു.പദ്ധതിരേഖയിൽ പദ്ധതിയുടെ അലൈൻമെൻ്റും മറ്റ് വിശദാംശങ്ങളും യോഗത്തിൽ ചർച്ച ചെയ്തു.
മാതൃകാ പെരുമാറ്റച്ചട്ടം എടുത്തുകളഞ്ഞാൽ, അന്തിമ ഡിപിആർ ജൂണിൽ ഡിഎംആർസി കെഎംആർഎല്ലിന് സമർപ്പിക്കുമെന്നാണ് വിവരം. ആദ്യ ഘട്ടത്തിൽ ശ്രീകാര്യത്തും പട്ടത്തും മേൽപ്പാലങ്ങളുടെ നിർമാണം നടക്കും.ഡിഎംആർസി ജനുവരിയിൽ കെഎംആർഎല്ലിന് റിപ്പോർട്ട് സമർപ്പിക്കുമെന്നും അവലോകനത്തിന് ശേഷം മാസാവസാനത്തോടെ അത് സംസ്ഥാന സർക്കാരിന് സമർപ്പിക്കുമെന്നും നേരത്തെ അറിയിച്ചിരുന്നു.
2012-ലാണ് തിരുവനന്തപുരം മെട്രോ റെയിൽ പദ്ധതി വിഭാവനംചെയ്തത്. 2014-ൽ ഡി.എം.ആർ.സി. പദ്ധതിയുടെ ആദ്യ രൂപരേഖയും സമർപ്പിച്ചിരുന്നു. പള്ളിപ്പുറം മുതൽ കൈമനംവരെ ആദ്യ ഘട്ടത്തിലും കൈമനം മുതൽ നെയ്യാറ്റിൻകരവരെ രണ്ടാംഘട്ടത്തിലും നടപ്പാക്കാമെന്നായിരുന്നു പഠന റിപ്പോർട്ട്. 4219 കോടി രൂപയായിയിരുന്നു ചെലവ് കണക്കാക്കിയത്. പിന്നീട് പദ്ധതിയുടെ നടത്തിപ്പ് കൊച്ചി മെട്രോ റെയിൽ കോർപ്പറേഷനു നൽകുകയായിരുന്നു.
നേരത്തെ ലൈറ്റ് മെട്രോ പദ്ധതി നടപ്പാക്കാനായിരുന്നു ആലോചിച്ചിരുന്നത്. കെ.എം.ആർ.എൽ. പിന്നീട് ഓൾട്ടർനേറ്റീവ് ട്രാൻസ്‌പോർട്ട് അനാലിസിസ് പഠനം നടത്തിയാണ് മീഡിയം മെട്രോയാണ് തിരുവനന്തപുരത്തിനും അനുയോജ്യമാണെന്നു കണ്ടെത്തിയത്.വരാനിരിക്കുന്ന വിഴിഞ്ഞം തുറമുഖവും ഐടിയുമായി ബന്ധപ്പെട്ട വികസനവും മൂലം ഭാവിയിൽ ഗതാഗതക്കുരുക്കുണ്ടാകാൻ സാധ്യതയുള്ളതിനാൽ തിരുവനന്തപുരത്ത് നിർദിഷ്ട മെട്രോ റെയിൽ പദ്ധതിക്ക് സംസ്ഥാന സർക്കാർ അതീവ പ്രാധാന്യമാണ് നൽകിയിരിക്കുകയാണ്.