മേപ്പാടിയില്‍ പഴകിയ ഭക്ഷ്യവസ്തുക്കള്‍ ലഭിച്ച കുടുംബങ്ങളിലെ രണ്ട് കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയുണ്ടായ സംഭവത്തില്‍ സിപിഎം പ്രതിഷേധം. മേപ്പാടിയില്‍ സിപിഎം പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചും വാഹനങ്ങള്‍ തടഞ്ഞും പ്രതിഷേധിച്ചു. റോഡില്‍ വാഹനങ്ങളുടെ നീണ്ട നിരയായതോടെ പ്രവര്‍ത്തകരെ മാറ്റാന്‍ പോലീസ് ശ്രമം തുടങ്ങി. എന്നാല്‍ പിന്മാറാതെ പ്രവര്‍ത്തകരും പോലീസും ഉന്തും തള്ളുമായി. തുടര്‍ന്ന് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
മുണ്ടക്കൈ ചൂരല്‍മല ദുരന്തബാധിതര്‍ക്ക് പുഴുവരിച്ച അരി നല്‍കിയ സംഭവം ഉണ്ടായിരുന്നു. കോണ്‍ഗ്രസ് ഭരിക്കുന്ന മേപ്പാടി പഞ്ചായത്തില്‍ നിന്ന് വിതരണം ചെയ്ത ഭക്ഷ്യക്കിറ്റിലാണ് ഭക്ഷ്യയോഗ്യമല്ലാത്ത വസ്തുക്കള്‍ ലഭിച്ചത്. ഗ്രാമപഞ്ചായത്തിന്റെ ഭാഗത്തിനിന്ന് ഗുരുതര വീഴ്ചയുണ്ടായി എന്ന നിലപാടിലാണ് സിപിഎം. എന്നാല്‍ സന്നദ്ധസംഘടനകളും റവന്യൂ വകുപ്പും നല്‍കിയ കിറ്റുകളാണ് ദുരന്തബാധിതര്‍ക്ക് നല്‍കിയതെന്നാണ് പഞ്ചായത്തിന്റെ വാദം.
അതേസമയം, മുണ്ടക്കൈ ചൂരല്‍മല ദുരന്തബാധിതര്‍ക്ക് പഴകിയ ഭക്ഷ്യവസ്തുക്കള്‍ നല്‍കിയ സംഭവം ഗുരുതരമായ പ്രശ്‌നം തന്നെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വിഷയത്തില്‍ കൃത്യമായ അന്വേഷണം നടത്തും. സര്‍ക്കാര്‍ ഇത്തരം കാര്യങ്ങള്‍ ഒരിക്കലും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.