സന്ദീപിന്റെ വീട്ടില്‍ കൂടിക്കാഴ്ച; ആരും ബി.ജെ.പി വിടില്ല: ശിവശങ്കരന്‍

സന്ദീപ് വാര്യരെ അദ്ദേഹത്തിന്റെ വീട്ടില്‍ സന്ദര്‍ശിച്ച് ബി.ജെ.പി നേതാവ് ശിവശങ്കരന്‍. സന്ദീപ് വാര്യരുമായി അനുനയനീക്കത്തിനുള്ള പാര്‍ട്ടി ശ്രമമായാണ് ശിവശങ്കരന്റെ കൂടിക്കാഴ്ച വിലയിരുത്തപ്പെടുന്നത്.

author-image
Prana
New Update
pr sivasankaran

പാര്‍ട്ടി നേതൃത്വത്തെക്കുറിച്ചുള്ള അതൃപ്തി തുറന്നുപറഞ്ഞതിന് പിന്നാലെ സന്ദീപ് വാര്യരെ അദ്ദേഹത്തിന്റെ വീട്ടില്‍ സന്ദര്‍ശിച്ച് ബി.ജെ.പി നേതാവ് ശിവശങ്കരന്‍. സന്ദീപ് വാര്യരുമായി അനുനയനീക്കത്തിനുള്ള പാര്‍ട്ടി ശ്രമമായാണ് ശിവശങ്കരന്റെ കൂടിക്കാഴ്ച വിലയിരുത്തപ്പെടുന്നത്. മാനസികമായി പ്രയാസങ്ങള്‍ നേരിട്ടിട്ടുണ്ടെന്നും ആത്മാഭിമാനം പരമ പ്രധാനമാണെന്നും കുറിച്ച് സന്ദീപ് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റാണ് ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചത്.
പാലക്കാട്ടെ പ്രചാരണ വേദികളില്‍ സന്ദീപ് വാര്യരുടെ അസാന്നിധ്യം വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ഇതിനുപിന്നാലെയാണ് വേദിയില്‍ സീറ്റ് കിട്ടാത്തതിനാല്‍ പിണങ്ങിപ്പോകുന്ന ആളല്ല താനെന്നും മാനസിക പ്രയാസങ്ങള്‍ കാരണമാണ് മാറിനിന്നതെന്നും വ്യക്തമാക്കി സന്ദീപ് ഫേസ്ബുക്ക് പോസ്റ്റിട്ടത്. അതേസമയം, കൂടിക്കാഴ്ച പാര്‍ട്ടിപരമല്ലെന്നും വ്യക്തിപരമാണെന്നും സന്ദീപിന്റെ വീട്ടിലെത്തിയ ശിവശങ്കരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
വ്യക്തിപരമായ കൂടിക്കാഴ്ചയ്ക്കായാണ് സന്ദീപ് വാര്യരുടെ വീട്ടിലെത്തിയത്. അദ്ദേഹത്തിനുണ്ടായ വിഷമം പങ്കുവെക്കാന്‍ ഒരു സുഹൃത്തെന്ന നിലയിലാണ് വന്നത്. ഇപ്പോള്‍ സംസാരിക്കുന്നതിന്റെ വിശദാംശങ്ങള്‍ പാര്‍ട്ടി അനുവാദം തന്നല്ലാതെ പുറത്തുപറയില്ല. സന്ദീപിനുണ്ടായ വിഷമം പാര്‍ട്ടിക്കുള്ളില്‍ പറഞ്ഞു തീര്‍ക്കും. ഈ പാര്‍ട്ടിയില്‍ നിന്ന് ആരെങ്കിലും പുറത്തുപോകുമെന്നും മറ്റൊരു പാര്‍ട്ടിയില്‍ ചേരുമെന്നും ആരും പ്രതീക്ഷിക്കണ്ടെന്നും ശിവശങ്കരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

BJP meeting Sandeep Warrier