തിരുവനന്തപുരം: കേരളത്തിൽ അടുത്ത 7 ദിവസങ്ങളിൽ വ്യാപകമായി നേരിയതോ ഇടത്തരമോ ആയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ആന്ധ്രാ - ഒഡീഷ തീരത്തിന് സമീപം മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ന്യുന മർദ്ദം രൂപപ്പെട്ടതിനെ തുടർന്നാണ് മഴയ്ക്ക് സാധ്യത പ്രവചിക്കപ്പെട്ടിരിക്കുന്നത്.അതെസമയം സെപ്റ്റംബർ 24, 25 ഒറ്റപ്പെട്ട സ്ഥലങ്ങളിൽ തീയതികളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
കേരള തീരത്ത് നാളെ രാത്രി 11.30 വരെ 0.5 മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കുക്കണം. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണമെന്നും മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണമെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.