കോഴിക്കോട് : ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയാ പിഴവിനെ തുടര്‍ന്ന് ദുരിതം അനുഭവിക്കുന്ന
പന്തീരാങ്കാവിലെ കെ.കെ.ഹര്‍ഷിനയ്ക്കു അഞ്ചാമത്തെ ശസ്ത്രക്രിയ 21ന് നടക്കും. 7 വര്‍ഷത്തോളമായാണ് ഹര്‍ഷിന ദുരിതം അനുഭവിക്കുന്നത്.
അടിവയറിന്റെ ഇടതു ഭാഗത്ത് കത്രിക കിടന്ന സ്ഥലത്ത് രൂപപ്പെട്ട മാംസപിണ്ഡം നീക്കാനുള്ള ശസ്ത്രക്രിയ്ക്ക് തിങ്കളാഴ്ച സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കും. 2017 നവംബര്‍ 30ന് മെഡിക്കല്‍ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ നടന്ന പ്രസവ ശസ്ത്രക്രിയയ്ക്കിടെയാണ് ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയതെന്നാണ് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്.
2022 സെപ്റ്റംബര്‍ 17ന് നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് കത്രിക (ആര്‍ട്ടറി ഫോര്‍സെപ്‌സ്) പുറത്തെടുത്തത്. കത്രിക കിടന്ന ഭാഗത്തെ ഗ്രന്ഥിക്കുള്ളിലെ പഴുപ്പ് രണ്ടു തവണ നീക്കി. എന്നിട്ടും കുറവ് കാണാത്തിനെ തുടര്‍ന്നാണ് സ്‌കാനിങ് നടത്തിയത്. ഇതിലൂടെയാണ് മാംസപിണ്ഡം കണ്ടെത്തിയത്.
കത്രിക കുടുങ്ങിയതിനെ തുടര്‍ന്നുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിശോധനയ്ക്കും ചികിത്സയ്ക്കുമായി ലക്ഷങ്ങള്‍ ചെലവഴിച്ചെന്ന് ഹര്‍ഷിന പറഞ്ഞു. ചികിത്സയും സമരവുമെല്ലാമായി ഉപജീവന മാര്‍ഗം പോലും വഴിമുട്ടി. ഇപ്പോഴും നേരാംവണ്ണം ഇരിക്കാനോ നടക്കാനോ പറ്റുന്നില്ല. ഏറെ സമയവും കിടക്കുകയാണ്. വേദന കടിച്ചമര്‍ത്തിയാണ് ജീവിക്കുന്നത്. ഒപ്പമുണ്ടാകുമെന്ന് പറഞ്ഞ സര്‍ക്കാരിന്റെ പ്രഖ്യാപനം വാക്കുകളില്‍ ഒതുങ്ങി. എന്തുകൊണ്ടാണ് ഈ അവഗണനയെന്നു സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും അവര്‍ പറഞ്ഞു.