മാധ്യമ പ്രവർത്തകരെ അധിക്ഷേപിക്കുകയും തട്ടിക്കയറുകയും ചെയ്ത സിപിഎം നേതാവും മുൻ എംപിയുമായ എൻ.എൻ. കൃഷ്ണദാസിന്റെ നടപടി അങ്ങേയറ്റം അപലപനീയമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ. സാക്ഷര കേരളത്തിനു നിരക്കാത്ത രീതിയിൽ മുതിർന്ന രാഷ്ട്രീയ നേതാവ് നടത്തിയ നിലവാരം കുറഞ്ഞതും അസഭ്യം കലർന്ന പ്രസ്താവനയിലും പെരുമാറ്റത്തിലും യൂണിയൻ സംസ്ഥാന കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു.
ഹീനമായ പ്രസ്താവന പിൻവലിച്ച് മാപ്പുപറയാൻ കൃഷ്ണദാസ് തയാറാകണമെന്ന് യൂണിയൻ സംസ്ഥാന പ്രസിഡന്റ് കെ.പി. റജിയും ജനറൽ സെക്രട്ടറി സുരേഷ് എടപ്പാളും ആവശ്യപ്പെട്ടു. മുതിർന്ന നേതാവിന് യോജിക്കുന്ന തരത്തിലുള്ള മാന്യതയും സഭ്യതയും അദ്ദേഹത്തിൽ നിന്നുണ്ടാകാതിരുന്നത് അത്യന്തം നിരാശാജനകമാണ്. ചോദ്യങ്ങൾക്കുത്തരം നൽകുന്നതിന് പകരം അത്യന്തം പ്രകോപിതനായി ഇറച്ചിക്കടയുടെ മുന്നിൽ പട്ടി നിൽക്കുന്നതുപോലെ മാധ്യമപ്രവർത്തകർ പോയി നിൽക്കുമെന്നാണ് അദ്ദേഹം രോഷാകുലനായി പറഞ്ഞത്.
അങ്ങനെയൊന്നും പറയേണ്ട കാര്യമില്ലെന്ന് മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ അങ്ങനെ തന്നെ പറയുമെന്നായിരുന്നു അദ്ദേഹം ആവർത്തിച്ച് വ്യക്തമാക്കിയത്. സ്വന്തം പാർട്ടിക്കാർ തന്നെ വിലക്കിയിട്ടും എൻ.എൻ. കൃഷ്ണദാസ് മാധ്യമപ്രവർത്തകരോട് അപര്യാദയായി പെരുമാറുകയായിരുന്നു.