ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ മാധ്യമങ്ങളെ രൂക്ഷമായി വിമർശിച്ച് സ്പീക്കർ എ.എൻ. ഷംസീർ. കേരളത്തിലെ മാധ്യമങ്ങൾ റേറ്റിംഗ് കൂട്ടാൻ വേണ്ടി കള്ളപ്രചരണങ്ങളും നടത്തുകയാണെന്നും ചെറിയ കാര്യങ്ങളെ പർവ്വതീകരിക്കുകയാണെന്നും ഷംസീർ ആരോപിച്ചു.
കുറച്ചു കഴിയുമ്പോൾ ഹേമ കമ്മീഷൻ ഔട്ട് ആകും. അതിനുശേഷം പുതിയതിന്റെ പിറകെ പോകുമെന്നും ഷംസീർ വിമർശിച്ചു. അതേസമയം, ലൈംഗികാരോപണങ്ങൾ നേരിടുന്ന നടനും എംഎൽഎയുമായ എം മുകേഷ് രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് സ്ത്രീപക്ഷ പ്രവർത്തകർ സംയുക്ത പ്രസ്താവന പുറത്തിറക്കി. സിനിമ നയരൂപീകരണ കമ്മിറ്റിയിൽ നിന്ന് മുകേഷിനെ ഒഴിവാക്കണമെന്നും സ്ത്രീപക്ഷ പ്രവർത്തകർ സംയുക്ത പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
മുകേഷിനെ ഒഴിവാക്കിയില്ലെങ്കിൽ കേരളത്തിലെ സ്ത്രീകളുടെ കടുത്ത പ്രതിഷേധം നേരിടേണ്ടി വരുമെന്നും സ്ത്രീപക്ഷ പ്രവർത്തകർ പറയുന്നു. സാറ ജോസഫ്, കെ അജിത, കെആർ മീര, എന്നിവരുടെ നേതൃത്വത്തിൽ 100 സ്ത്രീപക്ഷ പ്രവർത്തകരാണ് സംയുക്ത പ്രസ്താവനയിൽ ഒപ്പിട്ടിരിക്കുന്നത്.