തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവർ യദുവും തമ്മിലുണ്ടായ തർക്കവുമായി ബന്ധപ്പെട്ട കേസിൽ പുതിയ നീക്കവുമായി പൊലീസ്.കേസിലെ നിർണായക തെളിവായിരുന്ന ബസിലെ സിസിടിവി മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ കെഎസ്ആർടിസി ബസ് കണ്ടക്ടർ സുബിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്.
തമ്പാനൂർ പൊലീസാണ് കണ്ടക്ടറെ ചോദ്യം ചെയ്യുന്നത്.യദു ഓടിച്ചിരുന്ന ബസിൻ്റെ കണ്ടക്ടറാണ് സുബിൻ.തർക്കത്തിന്റെയും ഡ്രൈവർ വാഹനമോടിക്കുന്നതിനിടെ നിയമലംഘനം നടത്തിയിട്ടുണ്ടെങ്കിൽ അതിന്റെയും ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നു. ഇതടങ്ങിയ മെമ്മറി കാർഡാണ് നഷ്ടപ്പെട്ടത്.
കെഎസ്ആർടിസി ഡ്രൈവറുമായി നടുറോഡിൽ തർക്കമുണ്ടായ സംഭവത്തിൽ മേയർ ആര്യ രാജേന്ദ്രനും ഭർത്താവും എംഎൽഎയുമായ സച്ചിൻ ദേവിനുമെതിരെയും പൊലീസ് കഴിഞ്ഞദിവസം കേസെടുത്തിരുന്നു.എഫ്ഐആറിൽ ഗുരുതര ആരോപണങ്ങളാണ് ഇരുവർക്കുമെതിരെ ചുമത്തിയിട്ടുള്ളത്.
യദുവിൻറെ പരാതിയിൽ സൂചിപ്പിച്ചിട്ടുള്ള അതേ കാര്യങ്ങൾ തന്നെയാണ് എഫ്ഐആറിലുമുണ്ടായിരുന്നത്. ബസിലെ സിസിടിവി ക്യാമറയുടെ മെമ്മറി കാർഡ് പ്രതികൾ സ്വാധീനമുപയോഗിച്ച് നശിപ്പിച്ചുവെന്നും, സച്ചിൻ ദേവ് എംഎൽഎ ബസിൽ അതിക്രമിച്ച് കയറിയെന്നും എഫ്ഐആറിലുണ്ട്. എംഎൽഎ അസഭ്യവാക്കുകളുപയോഗിച്ചതായി എഫ്ഐആറിലുണ്ട്. കോടതിയിൽ നിന്ന് ലഭിച്ച പരാതിയിലെ ആരോപണങ്ങൾ അങ്ങനെ തന്നെ എഫ്ഐആറിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്.