തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും സച്ചിൻ ദേവ് എംഎൽഎയും റോഡിന് കുറുകെ കാറിട്ട് കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവത്തിൽ, ബസിനുള്ളിലെ സിസിടിവിയിലെ മെമ്മറി കാർഡ് കാണാനില്ല.ബുധനാഴ്ച സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ പൊലീസ് എത്തിയപ്പോഴാണ് മെമ്മറി കാർഡ് കാണാനില്ലെന്ന് അറിയുന്നത്.
കേസിലെ നിർണായക തെളിവാണ് ഇതോടെ നഷ്ടമായിരിക്കുന്നത്.മൂന്ന് ക്യാമറകളാണ് ബസിനുളളിലുളളത്.റെക്കോർഡ് ചെയ്യുന്നുണ്ടായിരുന്നുവെന്നും ബസ് ഓടിക്കുന്ന സമയത്ത് മെമ്മറി കാർഡുണ്ടായിരുന്നുവെന്നാണ് ഡ്രൈവർ യദുവിന്റെ പ്രതികരണം.അങ്ങനെയെങ്കിൽ മെമ്മറി കാർഡ് എങ്ങനെ നഷ്ടപ്പെട്ടുവെന്നത് ദുരൂഹമാണ്.
തൃശൂരിലേക്ക് ട്രിപ്പ് പോയ ബസ് ബുധനാഴ്ച തിരിച്ചെത്തിയാൽ പരിശോധിക്കാനായിരുന്നു തീരുമാനം.അതനുസരിച്ചാണ് പൊലീസ് തമ്പാനൂർ ബസ്റ്റാന്റിലെത്തി ബസിൽ പരിശോധന നടത്തിയത്.
ബസ് അമിത വേഗത്തിലായിരുന്നോ, വാഹനങ്ങളെ ഓവർടേക്ക് ചെയ്തിരുന്നോ എന്ന കാര്യത്തിലും സിസിടിവിയിലെ ദൃശ്യങ്ങൾ നിർണായകമാകുമായിരുന്നു.അതെസമയം ബസിലെ യാത്രക്കാരുടെ പട്ടിക കെഎസ്ആർടിസി അധികൃതർ പൊലീസിന് കൈമാറിയിട്ടുണ്ട്. ഇവരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തും.