തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെതിരെ നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം നിലച്ചെന്ന ആരോപണവുമായി പരാതിക്കാരനായ കെഎസ്ആർടിസി ഡ്രൈവർ യദു.മേയർ തനിക്കെതിരെ നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം വേഗത്തിൽ നടക്കുമ്പോൾ തന്റെ പരാതിയിലെ അന്വേഷണം മെല്ലപ്പോക്കാണെന്നും അന്വേഷണം എന്തായെന്നറിയാൻ കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിലെത്തിയപ്പോൾ ഇൻസ്പെക്ടർ മോശമായി പെരുമാറിയെന്നും കോടതി നിർദേശപ്രകാരം എടുത്ത കേസിൽ മേയർ ആര്യ രാജേന്ദ്രന്റെ മൊഴി പൊലീസ് ഇതുവരെ എടുത്തിട്ടില്ലെന്നുമാണ് യദുവിന്റെ ആരോപണം.
ഏപ്രിൽ 27 നാണ് കെഎസ്ആർടിസി ബസിന് കുറുകെ കാർ നിർത്തി ജോലി തടസ്സപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന് കാണിച്ച് ഡ്രൈവർ യദു പൊലീസിൽ പരാതി നൽകിയത്. എന്നാൽ ആ പരാതിയിൽ പൊലീസ് കേസെടുത്തില്ല.യദുവിന്റെ ആരോപണം തള്ളി മേയറും രംഗത്തെത്തിയിരുന്നു.എന്നാൽ പിന്നാലെ പുറത്തുവന്ന സംഭവം നടന്ന ദിവസത്തെ സിസിടിവി ദൃശ്യങ്ങളിൽ മേയറുടെ കാർ സിഗ്നലിൽവച്ച് ബസിന് കുറുകെ ഇടുന്നതുൾപ്പെടെ കാണാമായിരുന്നു.ഇതോടെയാണ് മേയറുടെ വാദങ്ങൽ തെറ്റാണെന്ന് തെളിഞ്ഞത്. തുടർന്ന് സിസിടിവി ദൃശ്യങ്ങൽ ഉൾപ്പെടെ ചൂണ്ടികാട്ടിയാണ് യദു കോടതിയെ സമീപിച്ചത്.
ഇതോടെയാണ് മേയർക്കും ഭർത്താവ് സച്ചിൻ ദേവ് എംഎൽഎയ്ക്കുമെതിരെ പൊലീസ് കേസെടുത്തത്. എന്നാൽ യദുവിന്റെ പരാതിയിൽ കോടതി നിർദേശപ്രകാരം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്നും വിവരം തിരക്കാൻ എത്തിയ യദുവിനോട് ആരും മോശമായി പെരുമാറിയിട്ടില്ലെന്നും മേയറുടെയും എംഎൽഎയുടെയും മൊഴി നേരത്തേ രേഖപ്പെടുത്തിയിട്ടുണ്ടെന്നും കന്റോൺമെന്റ് എസ്എച്ച്ഒ പറഞ്ഞു.