തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയനെതിരെ വീണ്ടും ആരോപണവുമായി മാത്യു കുഴല്‍നാടന്‍ എം.എല്‍.എ. അനാഥാലയങ്ങളില്‍നിന്ന് വീണ മാസപ്പടി കൈപ്പറ്റിയെന്നാണ് മാത്യുവിന്റെ പുതിയ ആരോപണം. മാസപ്പടി വാങ്ങിയെന്നു തെളിയിക്കുന്ന രേഖകള്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു നിയമസഭയില്‍ ആരോപണം ഉന്നയിച്ചത്. അതേസമയം, പ്രസംഗത്തിനിടെ മാത്യുവിന്റെ മൈക്ക് സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ഓഫ് ചെയ്തു.
'സി.എം.ആര്‍.എല്ലില്‍ നിന്ന് മാസപ്പടി വാങ്ങിയതിനെക്കുറിച്ചാണ് ഇതുവരെ കേട്ടത്. ആര്‍.ഒ.സി. അയച്ചൊരു നോട്ടീസില്‍ പറയുകയാണ്, ഹാജരാക്കിയ ബാങ്ക് സ്റ്റേറ്റുമെന്റുകളില്‍നിന്ന് കമ്പനി ഏതാണ്ട് മാസംതോറം വിവിധ ജീവകാരുണ്യസ്ഥാപനങ്ങളും സംഘടനകളിലുംനിന്ന് പണം കൈപ്പറ്റുന്നതായി വ്യക്തമായി, എന്ന്. നാട്ടിലെ സാധാരണക്കാരും പാവപ്പെട്ടവരും അനാഥാലയങ്ങള്‍ക്കും ധര്‍മ്മസ്ഥാപനങ്ങള്‍ക്കും അങ്ങോട്ട് പണം കൊടുക്കുന്നവരാണ്. എങ്ങനെയാണ് മുഖ്യമന്ത്രിയുടെ മകള്‍ അനാഥാലയങ്ങളില്‍നിന്ന് മാസാമാസം പണം വാങ്ങുന്നത്. അനാഥാലയങ്ങളില്‍നിന്ന് മാസപ്പടി വാങ്ങുന്നത് എങ്ങനെയാണ് അംഗീകരിക്കാന്‍ കഴിയുക', മാത്യു നിയമ സഭയിൽ ചോദിച്ചു.
മാത്യു സ്ഥിരമായി ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നയാളാണെന്നും അതിനുള്ള വേദിയല്ല നിയമസഭയെന്നും സ്പീക്കര്‍ പ്രസംഗത്തിനിടെ പറഞ്ഞു. ചട്ടവും ക്രമവും പാലിക്കാത്ത ഒരുകാര്യവും സഭാരേഖയിലുണ്ടാവില്ലെന്ന് ഷംസീര്‍ അറിയിച്ചു. എന്നാൽ, തന്റെ ആരോപണങ്ങള്‍ വസ്തുതയുടെ അടിസ്ഥാനത്തിലാണെന്നും തെറ്റാണെങ്കില്‍ നിഷേധിക്കാമെന്നും മാത്യു കുഴല്‍നാടന്‍ വ്യക്തമാക്കി.