കൊച്ചി ബോള്‍ഗാട്ടി പാലസില്‍ ഞായറാഴ്ച നടന്ന അലന്‍ വാക്കര്‍ സംഗീത നിശയ്ക്കിടെ മോഷ്ടിക്കപ്പെട്ട ഫോണുകള്‍ സംസ്ഥാനത്തിന് പുറത്തേക്ക് കൊണ്ടുപോയതായി വിവരം. മോഷ്ടിക്കപ്പെട്ട ഫോണുകളില്‍ നാലെണ്ണം മുംബൈയില്‍ എത്തിയതെന്ന് സൈബര്‍ സെല്‍ കണ്ടെത്തി. ഇതോടെ ഫോണുകള്‍ ആസൂത്രിതമായി മോഷ്ടിക്കപ്പെട്ടതാണെന്ന് വ്യക്തമായി. ആകെ 34 പ്രീമിയം ഫോണുകളാണ് അലന്‍ വാക്കര്‍ ഷോയ്ക്കിടെ നഷ്ടമായത്.
ഞായറാഴ്ചത്തെ പരിപാടിയില്‍ മന:പൂര്‍വം തിക്കും തിരക്കും സൃഷ്ടിച്ച് ഫോണ്‍ മോഷ്ടിക്കുകയായിരുന്നെന്ന് ഫോണ്‍ നഷ്ടമായവരില്‍ ചിലര്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കൃത്യമായ ആസൂത്രണത്തോടെ എത്തിയ സംഘമാകാം മോഷണത്തിനു പിന്നിലെന്നാണ് പോലീസിന്റെ നിഗമനം.
മുംബൈ കൂടാതെ മറ്റു സംസ്ഥാനത്തിന് പുറത്തെ മറ്റു ചില ഇടങ്ങളിലും ഫോണുകള്‍ എത്തിയതായാണ് വിവരം. ബോള്‍ഗാട്ടിയില്‍ സ്ഥാപിച്ചിരുന്ന 45ഓളം സിസിടിവികളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. ഇതില്‍നിന്നും മോഷ്ടാക്കളെ കുറിച്ചുള്ള സൂചന ലഭിക്കുമെന്നാണ് പോലീസ് കരുതുന്നത്.
അതേസമയം, കൂട്ടമോഷണത്തെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചതായി കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ പുട്ട വിമലാദിത്യ ഐപിഎസ് പറഞ്ഞു. ഫോണുകള്‍ സംസ്ഥാനത്തിന് പുറത്തുപോയ സാഹചര്യത്തില്‍ ഇവിടങ്ങളില്‍ നേരിട്ട് എത്തി അന്വേഷണം നടത്തുമെന്നും കമ്മിഷണര്‍ കൂട്ടിച്ചേര്‍ത്തു.
അലന്‍ വാക്കര്‍ ഷോയിലെ കൂട്ടമോഷണം; ഫോണുകള്‍ സംസ്ഥാനത്തിനുപുറത്ത്
മോഷ്ടിക്കപ്പെട്ട ഫോണുകളില്‍ നാലെണ്ണം മുംബൈയില്‍ എത്തിയതെന്ന് സൈബര്‍ സെല്‍ കണ്ടെത്തി. ഇതോടെ ഫോണുകള്‍ ആസൂത്രിതമായി മോഷ്ടിക്കപ്പെട്ടതാണെന്ന് വ്യക്തമായി.
New Update