കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്ന് മലയാള സിനിമ മേഖലയിലുണ്ടായ പൊട്ടിത്തെറിക്കു പിന്നാലെ താര സംഘടനയായ 'അമ്മ' ഭരണസമിതി പിരിച്ചു.പ്രസിഡന്റ് മോഹൻലാൽ അടക്കം ഓൺലൈനായി ചേർന്ന യോഗത്തിലാണ് തീരുമാനം.താരങ്ങൾ വാട്സ്ആപ്പ് ഗ്രൂപ്പിൽ രണ്ട് ചേരിയിലായി തർക്കിച്ചതോടെയാണ് അമ്മ അധ്യക്ഷൻ മോഹൻലാൽ ഭരണസമിതി പിരിച്ചുവിടാനും പ്രസിഡൻ്റ് സ്ഥാനം രാജിവെക്കുന്നതായും പ്രഖ്യാപിച്ചത്.
ഇന്ന് നടന്ന ചർച്ചയിൽ നടനും അമ്മ വൈസ് പ്രസിഡൻ്റുമായ ജഗദീഷിനൊപ്പം പൃഥിരാജടക്കം യുവതാരങ്ങളും നടികളും നിലപാടെടുത്തു നിന്നു. ഇവർ പരസ്യപ്രതികരണത്തിലേക്ക് പോകുമെന്ന് നിലപാടെടുത്തതോടെയാണ് അമ്മ അധ്യക്ഷൻ രാജി പ്രഖ്യാപനം നടത്തിയത്.
ഇന്ന് ചേരാനിരുന്ന അമ്മ എക്സിക്യൂട്ടീവ് യോഗം മാറ്റിവെച്ചിരുന്നെങ്കിലും അടിയന്തര സാഹചര്യം പരിഗണിച്ച് ഓൺലൈനായി യോഗം ചേരുകയായിരുന്നു.വാട്സ്ആപ്പ് ഗ്രൂപ്പിൽ രാജിപ്രഖ്യാപനം നടത്തുന്നതിന് മുൻപ് മോഹൻലാലും മമ്മൂട്ടിയും തമ്മിൽ സംസാരിച്ചിരുന്നു. ഇപ്പോൾ നേരിടുന്നത് വലിയ പ്രതിസന്ധിയാണെന്ന് പറഞ്ഞ് മോഹൻലാൽ വികാരാധീനനായി. പുതിയ ഭരണസമിതി വൈകരുതെന്ന് യുവതാരങ്ങൾ ആവശ്യപ്പെട്ടു. രണ്ടുമാസത്തിനുള്ളിൽ ജനറൽ ബോഡി വിളിച്ച് പുതിയ ഭരണസമിതിയെ തെരഞ്ഞെടുക്കാനാണ് തീരുമാനം. അതുവരെ താത്കാലിക ഭരണസമിതി തുടരുമെന്നാണ് അറിയിപ്പ്.
രാജിപ്രഖ്യാപനം അറിയിച്ച് അമ്മ ഭരണസമിതി പുറത്തിറക്കിയ കുറിപ്പ്
ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനെ തുടർന്ന് സാമൂഹ്യ-ദൃശ്യ-അച്ചടി മാധ്യമങ്ങളിൽ 'അമ്മ'സംഘടനയിലെ ഭരണ സിമിതിയിലെ ചില ഭാരവാഹികൾ നേരിടേണ്ടി വന്ന ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തിൽ, 'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതി അതിന്റെ ധാർമ്മികമായ ഉത്തരവാദിത്വം മുൻനിർത്തി രാജി വെയ്ക്കുന്നു .
രണ്ട് മാസത്തിനുള്ളിൽ പൊതുയോഗം കൂടി, പുതിയ ഭരണ സമിതിയെ തെരെഞ്ഞെടുക്കും. 'അമ്മ' ഒന്നാം തീയതി നല്കുന്ന കൈനീട്ടവും, ആരോഗ്യ ചികിത്സയ്ക്ക് നൽകിപ്പോരുന്ന സഹായവും 'അമ്മ'യുടെ സമാദരണീയരായ അംഗങ്ങൾക്ക് തടസ്സം കൂടാതെ ലഭ്യമാക്കാനും, പൊതുയോഗം വരെ ഓഫിസ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും നിലവിലുള്ള ഭരണ സമിതി താത്ക്കാലിക സംവിധാനമായി തുടരും.
'അമ്മ'യെ നവീകരിക്കാനും, ശക്തിപ്പെടുത്തുവാനും കെല്പുള്ള പുതിയൊരു നേതൃത്വം 'അമ്മ'യ്ക്കുണ്ടാവുമെന്ന ശുഭപ്രതീക്ഷയിലാണ് ഞങ്ങൾ. എല്ലാവർക്കും നന്ദി, വിമർശിച്ചതിനും തിരുത്തിയതിനും.