തിരുവനന്തപുരം: ചിരിച്ചുകൊണ്ടു നിൽക്കുന്ന ഉമ്മൻചാണ്ടിയുടെ മെഴുകുപ്രതിമയ്ക്ക് മുന്നിൽ കണ്ണ് നിറഞ്ഞ് മറിയാമ്മ ഉമ്മൻ.കിഴക്കേകോട്ടയിലെ സുനിൽ വാക്സ് മ്യൂസിയത്തിൽ ശിൽപി സുനിൽ തീർത്ത ശിൽപത്തിൻറെ ഉദ്ഘാടന ചടങ്ങിലാണ് ഏവരെയും വേദനിപ്പിക്കുന്ന നിമിഷത്തിന് വേദിയായത്.
പൂർണ്ണ ആരോഗ്യവാനായി ചിരിച്ച മുഖത്തോടെ നിൽക്കുന്ന ഉമ്മൻചാണ്ടിയുടെ മെഴുകുപ്രതിമയ്ക്ക് മുന്നിലെത്തിയ പ്രിയ പത്നി മറിയാമ്മ ഉമ്മൻ ആദ്യം മുഖത്ത് അൽപം നേരം നിന്നു. പിന്നെ കയ്യിൽ തൊട്ടു,പിന്നീട് കവിളിൽ തലോടി. അപ്പോഴേക്കും മറിയാമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
‘അപ്പ തനിക്കരികിലെത്തിയെന്ന് പറയുമ്പോഴേക്കും’ എന്ന് കണ്ണീരോടെയാണ് മറിയാമ്മ പറഞ്ഞത്.മറിയാമ്മയ്ക്കൊപ്പമുണ്ടായിരുന്ന മകൻ ചാണ്ടി ഉമ്മന്റെയും പേരക്കുട്ടി എഫിനോവയുടെയും അവസ്ഥയും ഇതായിരുന്നു. 14 വർഷം മുമ്പാണ് ശിൽപി സുനിൽ കണ്ടല്ലൂർ മെഴുകു പ്രതിമ നിർമിക്കാനുള്ള താൽപര്യം ഉമ്മൻ ചാണ്ടിയെ അറിയിച്ചത്.
അന്ന് ഉമ്മൻ ചാണ്ടി താമസിച്ചിരുന്ന ജഗതിയിലെ വീട്ടിലെത്തി അദ്ദേഹത്തിന്റെ അളവുകൾ എടുത്തു.പൂർണ്ണ ആരോഗ്യവാനായ ഉമ്മൻ ചാണ്ടിയുടെ അളവുകളാണ് സുനിൽ അന്ന് എടുത്തത്.അതുകൊണ്ടാണ് ഊർജസ്വലനായ ഉമ്മൻ ചാണ്ടി മുന്നിൽ വന്ന് നിൽക്കുന്നതു പോലെയുണ്ടെന്ന് മറിയാമ്മ ഉമ്മൻ പറയാൻ കാരണം.
അന്ന് സുനിൽ കണ്ടല്ലൂർ നിർമിച്ച മോഡൽ ഇത്രയും നാൾ മുംബൈയിലെ മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കയായിരുന്നു. പ്രായവ്യത്യാസമനുസരിച്ച് പുതിയ മോഡലാണ് തിരുവനന്തപുരത്തെ മ്യൂസിയത്തിനായി നിർമിച്ചിരിക്കുന്നത്. ആറുമാസംകൊണ്ടാണ് പ്രതിമ പൂർത്തിയാക്കിയത്. പ്രതിമയെ അണിയിക്കാൻ ഉമ്മൻ ചാണ്ടി ധരിച്ചിരുന്ന മുണ്ടും ഷർട്ടും കഴിഞ്ഞ ദിവസം മ്യൂസിയം അധികൃതർ ജഗതിയിലെ വീട്ടിലെത്തി സ്വീകരിച്ചിരുന്നു. ‘കുഞ്ഞ്’ (ഉമ്മൻ ചാണ്ടിയുടെ വിളിപ്പേര് ) ജീവിച്ചിരിക്കെ ഈ പ്രതിമ കാണാൻ കഴിഞ്ഞില്ല എന്നതാണ് മറിയാമ്മയുടെ സങ്കടം.
ഒരു വർഷമായി ഹൃദയത്തിൽ ജീവിക്കുന്ന ഉമ്മൻ ചാണ്ടി ജീവനോടെ അരികിലെത്തിയ അനുഭവം. നേതാക്കൾ മരിക്കുമ്പോൾ ‘ഇല്ല ഇല്ല മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ’ എന്നെല്ലാം അണികൾ പറയാറുണ്ട്. ശരിക്കും ഞങ്ങൾ അത് അനുഭവിക്കുകയായിരുന്നു. അവർ കണ്ണീരോടെ ഓർമിച്ചു. ചാണ്ടി ഉമ്മൻ അധ്യക്ഷനായ ചടങ്ങിൽ മറിയാമ്മ ഉമ്മൻ പ്രതിമ അനാവരണം ചെയ്തു. തിരുവിതാംകൂർ രാജകുടുംബാംഗം ആദിത്യവർമ, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ എം.ആർ. തമ്പാൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.