കൊച്ചി : നടി മഞ്ജു വാര്യര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെയെടുത്ത കേസ് ഹൈക്കോടതി റദ്ദാക്കി. നാല് വര്‍ഷമായി മഞ്ജു വാര്യര്‍ നിലപാട് അറിയിക്കാത്തതിനെ തുടര്‍ന്നാണ് കേസ് റദ്ദാക്കിയതെന്ന് കോടതി അറിയിച്ചു. 2020 മുതല്‍ പരിഗണനയിലുള്ള കേസില്‍ ഹൈക്കോടതി ആവശ്യപ്പെട്ടിട്ടും മഞ്ജു വാര്യര്‍ നിപാട് അറിയിച്ചിരുന്നില്ല. തുടര്‍ന്നാണ് കേസ് റദ്ദാക്കിയത്.
ഒടിയന്‍ സിനിമയ്ക്ക് ശേഷമുള്ള സൈബര്‍ ആക്രമണവുമായി ബന്ധപ്പെട്ടായിരുന്നു മഞ്ജു വാര്യര്‍ അന്നത്തെ ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് പരാതി നല്‍കിയത്. സൈബര്‍ ആക്രമണത്തിന് പിന്നില്‍ ശ്രീകുമാര്‍ മേനോനാണ് എന്നായിരുന്നു മഞ്ജു വാര്യരുടെ പരാതി. ഡിജിപി പരാതി തൃശൂര്‍ ടൗണ്‍ ഈസ്റ്റ് പൊലീസിന് കൈമാറി. തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. 2019 ഒക്ടോബര്‍ 23നായിരുന്നു എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
ശ്രീകുമാര്‍ മേനോനെതിരെ ചുമത്തിയ കുറ്റങ്ങളും സ്ത്രീത്വത്തെ അപമാനിച്ചുവെന്ന ആക്ഷേപവും നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. കുറ്റകരമായ ഉദ്ദേശത്തോടെ പിന്തുടര്‍ന്നുവെന്ന ആക്ഷേപവും നിലനില്‍ക്കുന്നതല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ഭീഷണിപ്പെടുത്തി എന്നതിന് ശ്രീകുമാര്‍ മേനോനെ വിചാരണ ചെയ്യാന്‍ മതിയായ തെളിവില്ലെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു.