ഡബ്ല്യൂസിസി സ്ഥാപക അംഗങ്ങളിലൊരാൾ മലയാള സിനിമയിൽ പ്രശ്നങ്ങളുമില്ലെന്ന് ഹേമാ കമ്മിറ്റിക്ക് മൊഴി നൽകിയത് ചർച്ചകളിൽ ഇടം നേടിയിരുന്നു. ഇതോടെ ഡബ്ല്യൂസിസിയിൽ നിന്നും അകന്നു നിൽക്കുന്ന മഞ്ജു വാര്യർക്കെതിരെ കടുത്ത രീതിയിൽ സൈബർ ആക്രമണങ്ങളും നടന്നിരുന്നു.
എന്നാൽ നടിക്കെതിരായ സൈബർ ആക്രമണങ്ങളെയും വിമർശനങ്ങളെയും അപലപിക്കുന്നുവെന്നും അതിജീവിതക്കൊപ്പം എന്നും ഉറച്ചു നിന്നയാളാണ് മഞ്ജു വാര്യർ എന്നും താരത്തിന്റെ പേര് എടുത്തു പറയാതെ ഡബ്ല്യൂസിസി വ്യക്തമാക്കിയിരുന്നു. മഞ്ജു ഡബ്ലൂസിസിക്കൊപ്പം തന്നെയുണ്ട് എന്ന് വ്യക്തമാക്കിയിരിക്കുകയാണ് നടിയും ഡബ്ല്യൂസിസി അംഗവുമായ സജിയ മഠത്തിൽ ഇപ്പോൾ.
”മഞ്ജു ഒരിക്കലും ഡബ്ല്യൂസിസിയെ തള്ളി പറഞ്ഞിട്ടില്ല, തിരിച്ച് ഡബ്ല്യൂസിസിയും തള്ളി പറഞ്ഞിട്ടില്ല. ഒന്നിച്ച് കൈപ്പിടിക്കേണ്ടിടത്തെല്ലാം ഒന്നിച്ച് കൈപ്പിടിച്ച് നിന്നിട്ടുണ്ട്. കൂടെ കുറേ മനുഷ്യരുണ്ട്. ചിലർക്ക് എപ്പോഴും ആക്റ്റീവായി നിൽക്കാൻ പറ്റികൊള്ളണമെന്നില്ല.”
”എന്റെ വ്യക്തിപരമായ ജീവിതത്തിൽ നടക്കുന്ന ചില പ്രശ്‌നങ്ങൾ കൊണ്ടോ, കരിയറിൽ ഉണ്ടായ പ്രശ്‌നം കൊണ്ടോ എനിക്കത്ര ആക്റ്റീവായി നിൽക്കാൻ പറ്റണമെന്നില്ല. അതിനർത്ഥം ഞാനവിടെ ഇല്ല എന്നല്ല, വല്ലപ്പോഴെങ്കിലും കാര്യങ്ങൾ അന്വേഷിക്കുന്നുണ്ടാവും. ചിലപ്പോൾ അതിന് പകരമായി മറ്റാരെങ്കിലും കൂടുതൽ ആക്റ്റീവായി നിൽക്കുന്നുണ്ടാവും.”
”മഞ്ജു അവിടെയുണ്ട്. പക്ഷേ മഞ്ജുവിന് തിരക്കിന്റെ ഇടയിൽ ആക്റ്റീവായി നിൽക്കാൻ പറ്റികൊള്ളണമെന്നില്ല. ഒന്നിച്ച് കൈപ്പിടിക്കേണ്ടിടത്തെല്ലാം ഞങ്ങൾ ഒന്നിച്ച് കൈപ്പിടിച്ച് നിന്നിട്ടുണ്ട്. ഒന്നിച്ച് നിന്നിട്ടുണ്ട്. അങ്ങനെയാണ് അത് വേണ്ടത് എന്ന് ഞാൻ വിശ്വസിക്കുന്നു” എന്നാണ് ഒരു അഭിമുഖത്തിൽ സജിത മഠത്തിൽ വ്യക്തമാക്കിയിരിക്കുന്നത്.