തിരുവനന്തപുരം : വർക്കലയിൽ അമ്മയെ തീ കൊളുത്താനുള്ള അച്ഛന്റെ ശ്രമം തടയുന്നതിനിടെ പൊളളലേറ്റ മകൻ മരിച്ചു. ചെമ്മരുതി സ്വദേശി രാജേന്ദ്രൻ്റെ മകൻ അമൽ (17)ആണ് മരിച്ചത്.അമ്മയ്ക്കൊപ്പം അച്ചൻ്റെ വീട്ടിൽ വസ്ത്രമെടുക്കാനെത്തിയപ്പോഴായിരുന്നു സംഭവം. അമ്മയെ തീ കൊളുത്തിനുള്ള ശ്രമം തടയുന്നതിനിടെയാണ് അമലിന് പൊള്ളലേറ്റത്. ഞായറാഴ്ച രാത്രിയാണ് രാജേന്ദ്രൻ ഭാര്യയെയും മകനെയും തീകൊളുത്തിയത്. 70 ശതമാനം പൊള്ളലേറ്റ ബിന്ദു നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
കഴിഞ്ഞ ആറുമാസമായി രാജേന്ദ്രനും ബിന്ദുവും പിരിഞ്ഞുകഴിയുകയായിരുന്നു. ഭർതൃവീട്ടിൽ വസ്ത്രങ്ങളും മറ്റുസാധനങ്ങളും എടുക്കാൻ പൊലീസ് അനുമതിയോടെ എത്തിയപ്പോഴാണ് ബിന്ദുവിനെയും മകൻ അമലിനെയും രാജേന്ദ്രൻ തീവച്ചത്. പെയിൻറിങ് തൊഴിലാളിയായ രാജേന്ദ്രൻ കയ്യിൽ കരുതിയ ടർപ്പൻറൈൻ ഒഴിച്ചാണ് ഇരുവരെയും തീകൊളുത്തിയത്. ചേർത്ത് പിടിച്ചതിനാൽ രാജേന്ദ്രനും പൊള്ളലേറ്റു. ബിന്ദുവും മകനും വീടിന് പുറത്തേക്ക് ഓടി. രാജേന്ദ്രൻ വീടിൻറെ അകത്തുതന്നെ പൊള്ളലേറ്റ് വീണ് മരിക്കുകയുമായിരുന്നു.
തയ്യൽജോലിക്കാരിയായ ബിന്ദുവിൻറെ മെഷീനും മറ്റും വീട്ടിൽനിന്ന് എടുക്കാൻ അനുമതി തേടി അയിരൂർ പൊലീസിൽ പരാതി നൽകിയിരുന്നു. രാജേന്ദ്രൻ സമ്മതം നൽകിയതോടെയാണ് പൊലീസ് നിർദേശത്തോടെ മകൻറെ സുഹൃത്തുക്കളെയും കൂട്ടി ഭർതൃവീട്ടിലെത്തിയത്. എഴുപത് ശതമാനത്തോളം പൊള്ളലേറ്റ ബിന്ദുവിനെയും അമലിനെയും നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.