കൊച്ചി: സംസ്ഥാന സ്‌കൂൾ കായികമേളയുടെ ഉദ്ഘാടനച്ചടങ്ങിനിടെ പഴയ കാലം ഓർത്തെടുത്ത് നടൻ മമ്മൂട്ടി. കുട്ടികളുടെ മാർച്ച് പാസ്റ്റും ഉദ്‌ഘാടന മാമാങ്കവും കണ്ട മമ്മൂട്ടി തന്റെ കുട്ടിക്കാലം ഓർത്തുപോയെന്നും അന്ന് മടിയൻ ആയിരുന്നുവെന്നുമാണ് പറഞ്ഞത്. വികാരാധീനനാകുന്നുവെന്ന് തുറന്നുപറയുക കൂടി ചെയ്തു മമ്മൂട്ടി.
കുട്ടിക്കാലത്ത് ഇതുപോലെ ആകാമായിരുന്നു എന്ന് തോന്നുന്നു. പക്ഷെ കായിക മത്സരങ്ങളിൽ പങ്കെടുക്കാതെ നാടകത്തിൽ അഭിനയിക്കാൻ പോയി. കിട്ടുന്ന അവസരങ്ങൾ പരമാവധി ഉപയോഗിക്കുകയെന്നും കൂടെ ഒരാൾ മത്സരിക്കാൻ ഉള്ളതുകൊണ്ടാണ് ജയിക്കുന്നതെന്നും പറഞ്ഞ മമ്മൂട്ടി കൂടെയുള്ള മത്സരാർത്ഥിയെ ശത്രുവായി കാണരുതെന്നും കുട്ടികളെ ഉപദേശിച്ചു. പ്രസംഗം അവസാനിപ്പിക്കുമ്പോൾ 'പ്രിയപ്പെട്ട തക്കുടുകളെ കേരളത്തിന്റെ അഭിമാനമായി മാറുക' എന്ന് പറഞ്ഞാണ് മമ്മൂട്ടി അവസാനിപ്പിച്ചത്.
അതേസമയം, ഒളിമ്പ്യൻ പി ആർ ശ്രീജേഷ്, മേളയുടെ ഭാഗ്യചിഹ്നമായ തക്കുടുവിലേക്ക് ദീപശിഖ പകർന്നുനൽകിയതോടെ മേളയ്ക്ക് ഔദ്യോഗിക തുടക്കമായി. ഉദ്‌ഘാടനത്തിന് മുൻപായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി കൗമാരപ്രതിഭകളുടെ മാർച്ച് പാസ്റ്റിനെ അഭിസംബോധന ചെയ്തു. നാളെ മുതലാണ് മത്സരങ്ങൾ തുടങ്ങുക.