ചെന്നൈ: റിമ കല്ലിങ്കലിനും സംവിധായകൻ ആഷിഖ് അബുവിനുമെതിരെ വലിയ ആരോപണങ്ങൾ ഉയർത്തിയ ഗായിക സുചിത്രയുടെ അഭിമുഖത്തിലെ മറ്റ് ഭാഗങ്ങൾ കൂടി ചർച്ചയാകുകയാണിപ്പോൾ. മോഹലാൽ, മമ്മൂട്ടി, പിണറായി വിജയൻ, നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിത എന്ന് തുടങ്ങി ഒട്ടനവധി പേർക്കെതിരെയാണ് സുചിത്ര ഗുരുതരമായ ആരോപണമുന്നയിച്ചിരിക്കുന്നത്.
ഹേമ കമ്മിറ്റി റിപ്പോർട്ടിനെയും അതിന്റെ രൂപവത്കരണത്തിനായി പ്രവർത്തിച്ച നടിമാരെയും വിമർശിച്ചുകൊണ്ടാണ് ഗായിക സംഭാഷണം ആരംഭിക്കുന്നത്. നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിതയ്ക്ക് തനിക്കെതിരെ ആക്രമണമുണ്ടാകുമെന്ന് നേരത്തെ അറിയാമായിരുന്നുവെന്ന് സുചിത്ര പറഞ്ഞു. പ്രതികാരം തീർക്കാനായി ഏൽപ്പിക്കപ്പെട്ടവർ കൂടുതൽ മദ്യപിച്ചതുകൊണ്ട് ഉണ്ടായ പ്രശ്‌നം മാത്രമാണ് അതെന്നും അതിന്റെ പേരിൽ നടിയുടെ സുഹൃത്തുക്കൾ വെറുതെ പോരിന് ഇറങ്ങിയിരിക്കുകയാണ് എന്നുമാണ് സുചിത്രയുടെ വാദം. അതിജീവിതയുടെ പേരെടുത്ത് പറഞ്ഞുകൊണ്ടാണ് ഇവർ അധിക്ഷേപ പരാമർശങ്ങൾ നടത്തുന്നത്.
പിണറായി വിജയനും മോഹൻലാലും മമ്മൂട്ടിയും ചേർന്ന് മലയാള സിനിമയിലെ യുവതലമുറയുടെ വളർച്ച തടയാനായാണ് ഹേമ കമ്മിറ്റിയെ രൂപീകരിച്ചതെന്നാണ് അടുത്ത വാദം. സുഷിൻ ശ്യാം, ഫഹദ് ഫാസിൽ, സൗബിൻ ഷാഹിർ തുടങ്ങിയവരെ ലക്ഷ്യം വെച്ചാണ് ഇതെന്നും പറയുന്നുണ്ട്.
മമ്മൂട്ടി വളരെ കഷ്ടപ്പെട്ടാണ് റോഷാക്ക് ചെയ്തത്. അദ്ദേഹത്തിന് ഒന്നിനും വയ്യ. പക്ഷെ പഴയ സിംഹങ്ങളല്ലേ മമ്മൂട്ടിയും മോഹൻലാലും അതുകൊണ്ട് ആ സ്ഥാനത്ത് തന്നെ തുടരാൻ ശ്രമിക്കുകയാണ്. മലയാള സിനിമയുടെ ഇന്നത്ത മുന്നേറ്റത്തിൽ മുമ്പിൽ നിൽക്കുന്നത് ഫഹദ് ഫാസിലും സുഹൃത്തുക്കളുമാണ്. അവരെ ഒതുക്കാനായി ഇങ്ങനെ ചിലത് ചെയ്യുകയാണ്. പക്ഷെ അതിന്റെ ദുരിതഫലം അനുഭവിക്കുന്നവരിൽ സ്വന്തം മകനായ ദുൽഖറും ഉണ്ടാകുമെന്ന കാര്യം പോലും മമ്മൂട്ടി ഓർക്കുന്നില്ലെന്നും സുചിത്ര പറയുന്നു.
കൊച്ചിയിലെ ഫ്‌ളാറ്റിൽ റിമയും ആഷിഖും ലഹരിപാർട്ടികൾ നടത്താറുണ്ടെന്നാണ് ഇപ്പോൾ വിവാദമായി മാറിയിരിക്കുന്ന സുചിത്രയുടെ ഒരു പ്രധാന വാദം. റിമയുടെ ഫ്‌ളാറ്റിൽ റെയ്ഡ് നടന്നെന്നും റിമയെയും ആഷിഖിനെയും അറസ്റ്റ് ചെയ്‌തെന്നും, ആ സമയത്ത് വന്ന വാർത്തകളിൽ നിന്നാണ് താൻ ഇക്കാര്യമെല്ലാം അറിഞ്ഞതെന്നും സുചിത്ര പറയുന്നുണ്ട്. ഈ വാർത്തയുടെ സ്‌ക്രീൻ ഷോട്ട് വീഡിയോയിൽ ഉൾപ്പെടുത്തണമെന്ന സുചിത്ര അവതാരകനോട് ആവശ്യപ്പെടുന്നുമുണ്ട്. എന്നാൽ വീഡിയോയിൽ അത്തരം സ്‌ക്രീൻ ഷോട്ടുകളില്ല. മാത്രമല്ല, സുചിത്ര ഉന്നയിക്കുന്ന തരത്തിൽ റിമയ്ക്കും ആഷിഖ് അബുവിനുമെതിരെ ഇതുവരെയും റെയ്‌ഡോ അറസ്‌റ്റോ ഉണ്ടായിട്ടില്ല.
അതേസമയം, സുചിത്രയുടെ ആരോപണങ്ങൾക്കെതിരെ റിമയും പൊലീസിനെ സമീപിച്ചിട്ടുണ്ട്. തന്നെ കുറിച്ച് വാസ്തവവിരുദ്ധമായ കാര്യങ്ങൾ പറയുകയും അതിന് വലിയ ശ്രദ്ധ ലഭിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് നടപടി സ്വീകരിക്കാൻ തീരുമാനിച്ചതെന്ന് റിമ പറയുന്നു. മാനനഷ്ടക്കേസിന് നോട്ടീസ് നൽകിയെന്നും റിമ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.