മാമി തിരോധാനക്കേസ്: അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറി

2023 ഓഗസ്റ്റ് 21നാണ് മാമിയെ കാണാതായത്. മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ 22 ന് ഉച്ചവരെ അത്തോളി പറമ്പത്ത്, തലക്കുളത്തൂര്‍ ഭാഗത്ത് ഉള്ളതായി കണ്ടെത്തിയിരുന്നു

author-image
Vishnupriya
New Update
mami
Listen to this article
0.75x 1x 1.5x
00:00 / 00:00

കോഴിക്കോട്: റിയൽ എസ്റ്റേറ്റ് വ്യാപാരിയായിരുന്ന മുഹമ്മദ് ആട്ടൂർ (മാമി) തിരോധാനക്കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. സംസ്ഥാന പൊലീസ് മേധാവി ഇതു സംബന്ധിച്ച് ഉത്തരവിറക്കി. തിരോധാനക്കേസ് അന്വേഷണ സംഘത്തലവനായ മലപ്പുറം എസ്പി എസ്.ശശിധരൻ, കേസ് സിബിഐക്ക് കൈമാറാമെന്ന് കഴിഞ്ഞ ദിവസം ഡിജിപിക്ക് ശുപാർശ നൽകിയിരുന്നു. കേസ് സിബിഐയ്ക്ക് കൈമാറണമെന്നാവശ്യപ്പെട്ട് കുടുംബം നൽകിയ കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇതിനിടെയാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. 

പ്രത്യേക അന്വേഷണം സംഘം ഒരു വർഷം അന്വേഷിച്ചിട്ടും യാതൊരു തുമ്പും കണ്ടെത്താൻ സാധിക്കാത്ത കേസാണ് ഒടുവിൽ ക്രൈംബ്രാഞ്ചിന് വിട്ടത്. പ്രത്യേകസംഘം രൂപവത്കരിച്ച് അന്വേഷണം നടത്താനുള്ള നിർദേശമാണ് ക്രൈംബ്രാഞ്ച് എഡിജിപിക്ക് നൽകിയിരിക്കുന്നത്. മാമിയുടെ തിരോധാനം സിബിഐ അല്ലെങ്കിൽ ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിയെ കണ്ടിരുന്നു. എന്നാല്‍, എഡിജിപി എം.ആര്‍. അജിത്കുമാര്‍ നിയോഗിച്ച സംഘത്തെയാണ് അന്വേഷണം ഏല്‍പ്പിച്ചത്. മാമി തിരോധാനക്കേസിൽ അജിത് കുമാർ ഇടപെട്ടുവെന്ന് പി.വി.അന്‍വര്‍ എംഎല്‍എ ആരോപണം ഉന്നയിച്ചു. ഇതിനു പിന്നാലെയാണ് കേസ് സിബിഐയ്ക്ക് കൈമാറാമെന്ന് എസ്.ശശിധരൻ റിപ്പോർട്ട് നൽകിയത്. 

2023 ഓഗസ്റ്റ് 21നാണ് മാമിയെ കാണാതായത്. മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ 22 ന് ഉച്ചവരെ അത്തോളി പറമ്പത്ത്, തലക്കുളത്തൂര്‍ ഭാഗത്ത് ഉള്ളതായി കണ്ടെത്തിയിരുന്നു. പിന്നീട് എവിടേക്ക് പോയെന്ന് യാതൊരു തുമ്പും കണ്ടെത്താൻ അന്വേഷണസംഘത്തിന് സാധിച്ചില്ല. കേസിൽ ഉന്നത ഇടപെടലുകൾ നടന്നിട്ടുണ്ടെന്ന് ആദ്യം മുതൽക്കെ കുടുംബം ആരോപണം ഉന്നയിച്ചിരുന്നു.

mami missing case