തിരുവനന്തപുരം: അരുണാചല്‍ പ്രദേശില്‍ മലയാളി ദമ്പതികള്‍ ഉള്‍പ്പെടെ മൂന്നു പേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. ആയുര്‍വേദ ഡോക്ടര്‍മാരും തിരുവനന്തപുരം സ്വദേശികളുമായ നവീന്‍ ഭാര്യ ദേവി. സുഹൃത്തും തിരുവനന്തപുരത്തെ സ്വകാര്യ സ്‌കൂളില്‍ അധ്യാപികയുമായ ആര്യ എന്നിവരെയാണ് അരുണാചലിന്റെ തലസ്ഥാനമായ ഇറ്റാനഗറിലെ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ മാസം 27 മുതല്‍ ആര്യയെ കാണാനില്ലെന്നു കാട്ടി പിതാവ് വട്ടിയൂര്‍ക്കാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയില്‍ അന്വേഷണം നടക്കവെയാണ് കൂട്ടമരണം അറിയുന്നത്. നവീനിന്റെയും ദേവിയുടെയും സുഹൃത്തായ ആര്യയുടെ വിവാഹം നിശ്ചയിച്ചിരുന്നു.
ആര്യയെ കാണാതായ കേസ് അന്വേഷിക്കുന്നതിനിടെയാണ് ഇവരുടെ സുഹൃത്തുക്കളായ ദേവിയെയും ഭര്‍ത്താവ് നവീനെയും കാണാനില്ലെന്ന വിവരം പുറത്തുവരുന്നത്. ഇവര്‍ക്കായും തിരച്ചില്‍ തുടരുന്നതിനിടെയാണ് മൂന്നു പേരെയും മരിച്ച നിലയില്‍ ഇറ്റാനഗറിലെ ഹോട്ടല്‍ മുറിയില്‍ കണ്ടെത്തിയത്.
നവീനിന്റെ അച്ഛനും അമ്മയുടെ കോട്ടയം സ്വദേശികളാണ്. തിരുവനന്തപുരത്ത് ജോലിയായതിനാല്‍ ചെറുപ്പം മുതല്‍ നവീനും തിരുവനന്തപുരത്തായിരുന്നു. തിരുവനന്തപുരം സര്‍ക്കാര്‍ ആയുര്‍വേദ കോളേജിലാണ് നവീന്‍ പഠിച്ചത്. അവിടെ വച്ചാണ് ദേവിയെ പ്രണയിക്കുന്നതും പിന്നീട് വിവാഹം കഴിക്കുന്നതും. വിവാഹ ശേഷവും ഇരുവരും തിരുവനന്തപുരത്താണ് താമസിച്ചത്. ഇവിടെ ആയുര്‍വേദ ക്ലിനിക്കും നടത്തിയിരുന്നു.
അതിനിടെ മന്ത്രവാദവുമായി ബന്ധപ്പെട്ട സംഘടനയില്‍ നവീനും ദേവിയും അംഗങ്ങളായിരുന്നു എന്നാണ് ബന്ധുക്കള്‍ പറയുന്നത്. 13 വര്‍ഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. എന്നാല്‍, കുട്ടികള്‍ വേണ്ടെന്ന തീരുമാനത്തിലായിരുന്നു ഇരുവരുമെന്നും ബന്ധുക്കള്‍ പറയുന്നു. ഈ മന്ത്രവാദ സംഘടനയുടെ സ്വാധീനത്തിലാണ് ഇങ്ങനെയൊരു തീരുമാനം എടുത്തതെന്നും അരുണാചല്‍ പ്രദേശിലേക്ക് പോയതും സംഘടന വഴിയാണെന്നും ബന്ധുക്കള്‍ പറയുന്നത്.