മലപ്പുറം: മലപ്പുറത്ത് രണ്ടര വയസുകാരി ഫാത്തിമ നസ്രിൻറെ കൊലപാതകത്തിൽ കുട്ടിയുടെ അമ്മ ഷഹാനത്തിൻറെ മൊഴിയെടുക്കാൻ പൊലീസ്. ഷഹാനത്തിൻറെ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്താനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. മുഹമ്മദ് ഫായിസ് കുട്ടിയ മർദിച്ച് കൊലപ്പെടുത്തുമ്പോൾ ഇയാളുടെ അമ്മയുൾപ്പെടെയുള്ളവർ വീട്ടിലുണ്ടായിരുന്നതായാണ് വിവരം.അങ്ങനെയെങ്കിൽ ഇവർക്കാർക്കെങ്കിലും സംഭവത്തിൽ പങ്കുണ്ടോയെന്നറിയാനാണ് പൊലീസ് കുട്ടിയുടെ അമ്മയുൾപ്പെടെയുള്ളവരുടെ മൊഴി രേഖപ്പെടുത്തുന്നത്.
അതേസമയം, കേസിൽ പിതാവ് മുഹമ്മദ് ഫായിസിനെ അടുത്ത മാസം ഏഴു വരെ മഞ്ചേരി ഒന്നാം ക്ലാസ് മജിസട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. കുഞ്ഞിനെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോസ്റ്റ് മോർട്ടത്തിൽ കണ്ടെത്തിയതോടെയാണ് ഇയാളെ കൊലക്കുറ്റം ചുമത്തി കാളികാവ് പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ ഉമ്മ ഷഹാനത്തിനെ ഫായിസ് ഉപദ്രവിച്ചെന്നു കാട്ടി പൊലീസിൽ മുമ്പ് പരാതി നൽകിയിരുന്നെങ്കിലും പൊലീസിന്റെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായില്ലെന്നും ബന്ധുക്കൾ ആരോപിച്ചു.
മർദ്ദനമേറ്റതിനെ തുടർന്ന് തലയിൽ രക്തസ്രാവമുണ്ടായതാണ് കുട്ടിയുടെ മരണ കാരണം. മർദ്ദനമേറ്റ് ബോധം പോയ ശേഷം കുഞ്ഞിനെ പ്രതി വീണ്ടും എറിഞ്ഞു പരിക്കേൽപ്പിച്ചു. ശരീരത്തിൽ ഉടനീളം സിഗരറ്റു കൊണ്ട് പൊള്ളിച്ച പാടുകളും മുറിവുകളും കണ്ടെത്തിയിരുന്നു. വാരിയെല്ലുകൾ ഒടിഞ്ഞു നുറുങ്ങിയ നിലയിലാണെന്നും പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമാണ്. പ്രതിക്കെതിരെ കൊലക്കുറ്റത്തിന് പുറമെ ബാല നീതി നിയമത്തിലെ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.