കൊച്ചി : ജീവിത ദുരിതത്തിന് കൈത്താങ്ങായി പറവൂർ സ്വദേശി സന്ധ്യയുടെ കടംതീർത്ത് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. സന്ധ്യയുടെ പേരിലുണ്ടായിരുന്ന എട്ട് ലക്ഷത്തോളം രൂപയുടെ കടത്തിൽ നാലര ലക്ഷം രൂപ മണപ്പൂറം ഹോം ഫൈനാൻസിൽ ലുലു ഗ്രൂപ്പ് അടച്ചു. ഇന്ന് കോടതിയിൽ കേസ് തീർപ്പാക്കുന്നതോടെ സന്ധ്യയുടെ വീടിന്റെ ആധാരം ബാങ്ക് അധികൃതർ കൈമാറും.
ഇതിന് പുറമേ സന്ധ്യയുടെ മക്കളുടെ തുടർപഠനത്തിനായി മാസ പലിശ ലഭിക്കുന്ന വിധത്തിൽ പത്ത് ലക്ഷം രൂപ ഫെഡറൽ ബാങ്ക് നോർത്ത് പറവൂർ ശാഖയിൽ
നിക്ഷേപിച്ചു. സന്ധ്യ, മക്കളായ ശ്രേയസ് കെ.എസ്, ശ്രേയ കെ.എസ് എന്നിവരുടെ
ജോയിന്റ് അക്കൗണ്ടായാണ് പത്ത് ലക്ഷം നിക്ഷേപിച്ചത്. വീട് ജപ്തി ചെയ്യപ്പെട്ട് മക്കളോടൊപ്പം പെരുവഴിയിലായ കുടുംബത്തിന് ആശ്രയമായിരിക്കുകയാണ് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി.
ലൈഫ് മിഷന്‍ പദ്ധതിയില്‍ ലഭിച്ച വീടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കുന്നതിനായാണ് പറവൂര്‍ സ്വദേശിനി സന്ധ്യ മണപ്പുറം ഫിനാന്‍സില്‍ നിന്ന് വായ്പയെടുത്തത്. മൂന്ന് വര്‍ഷമായി തിരിച്ചടവ് മുടങ്ങിയെന്ന് ചൂണ്ടിക്കാട്ടിയാണ് സന്ധ്യയുടെ വീട് ജപ്തി ചെയ്തത്.
ഇന്നലെ രാവിലെയാണ് ബാങ്ക് അധികൃതര്‍ എത്തി വീട് ജപ്തി ചെയ്തത്. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ സന്ധ്യയും മൂന്ന് മക്കളും വീട്ടില്‍ കയറാനാവാതെ പുറത്തു കഴിയുകയായിരുന്നു. മാധ്യമങ്ങളിലൂടെ വാർത്ത ശ്രദ്ധയിൽപ്പെട്ട ഉടനെ
വേണ്ട സഹായങ്ങൾ ചെയ്യാൻ ലുലു ഗ്രൂപ്പ് മീഡിയ ഹെഡ് എൻ ബി. സ്വരാജ്,
എം.എ.യൂസഫലിയുടെ ഫൈനാൻസ് മാനേജർ വി. പീതാംബരൻ എന്നിവർക്ക് എം.എ യൂസഫലി നിർദേശം നൽകുകയും കടം തീർക്കുമെന്ന ഉറപ്പ് കൈമാറുകയും ആയിരുന്നു.
ബാങ്ക് സമയം കഴിഞ്ഞതിനാൽ നടപടികൾ നീണ്ടതോടെ, മണപ്പുറം ഫിനാൻസ് എംഡി വി.പി
നന്ദകുമാറിനെ ഫോണിൽ വിളിച്ച് രാത്രി തന്നെ വീട് തുറന്ന് നൽകണമെന്ന് എം.എ
യൂസഫലി അഭ്യാർത്ഥിച്ചു. എം.എ യൂസഫലിയുടെ ഇടപെടലോടെയാണ് ഇന്നലെ രാത്രി
തന്നെ സന്ധ്യക്കും മക്കൾക്കും വീട്ടിൽ പ്രവേശിക്കാനായത്.