കോഴിക്കോട്: ലോകോത്തര ഷോപ്പിങ് അനുഭവം മലബാറിന് സമ്മാനിക്കാൻ കോഴിക്കോട്ടെ ലുലു മാൾ പ്രവർത്തനമാരംഭിക്കുന്നതോടെ കേരളത്തിലെ ലുലു മാളുകളുടെ എണ്ണം നാലാകും. കോഴിക്കോട് മാവൂർ റോഡിന് സമീപം മാങ്കാവിൽ നിർമിച്ച ലുലു മാളിൻ്റെ ഉദ്ഘാടനം തിങ്കളാഴ്ച നടക്കും. ഉദ്ഘാടനത്തോടനുബന്ധിച്ചു പ്രത്യേക ഓഫറുകളും മാളിൽ ഒരുക്കിയിട്ടുണ്ട്.
കേരളത്തിൽ നിലവിൽ കൊച്ചി, തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളിലാണ് ലുലു ഗ്രൂപ്പിൻ്റെ ലുലു മാളുകൾ പ്രവർത്തിക്കുന്നത്. ലുലു ഗ്രൂപ്പ് കേരളത്തിൽ ആദ്യമായി നിർമിച്ചത് കൊച്ചി ഇടപ്പള്ളിയിലെ ലുലു മാൾ ആണ്. പിന്നീട് തിരുവനന്തപുരം ആക്കുളത്തും പാലക്കാട്ടെ കണ്ണാടിയിലും മാളുകൾ ഉയർന്നു.
32,516 ചതരുശ്ര മീറ്ററിലധികമാണ് (രണ്ട് ലക്ഷം ചതുരശ്ര അടിയിലധികം) കോഴിക്കോട് ലുലു മാളിൻ്റെ വിസ്തീർണം. മലബാർ മേഖലയിലെ ആദ്യ ലുലു മാൾ ആണിത്. കോഴിക്കോട് സൈബർ പാർക്ക് ഗവ. മെഡിക്കൽ കോളേജ്, എന്നിവിടങ്ങളിൽനിന്ന് വെറും അഞ്ച് കിലോമീറ്റർ മാറി, മാങ്കാവിലാണ് മാൾ സ്ഥിതിചെയ്യുന്നത്. ലുലു ഹൈപ്പർമാർക്കറ്റ് ആണ് മാളിൻ്റെ മുഖ്യ ആകർഷണം. 1.5 ലക്ഷം ചതുരശ്ര അടിയിലധികമാണ് ഹൈപ്പർമാർക്കറ്റിൻ്റെ വിസ്തീർണം.
കോഴിക്കോട് ലുലു മാളിൽ എന്തൊക്കെയുണ്ട്?
- 1.5 ലക്ഷം ചതുരശ്ര അടിയിലധികമുള്ള ലുലു ഹൈപ്പർമാർക്കറ്റ്.
- രാജ്യാന്തര, ആഭ്യന്തര, പ്രാദേശിക ബ്രാൻഡുകൾ ഉൾപ്പെടെ ലഭ്യമാകുന്ന ലുലു ഫാഷൻ സ്റ്റോർ.
- ഇലക്ട്രോണിക്, വീട്ടുപകരണങ്ങൾക്കുമായി ലുലു കണക്ട്.
- കെഎഫ്സി, ചിക്കിങ്, പിസ ഹട്ട്, ബാസ്ക്കിൻ റോബിൻസ്, ഫ്ലെയിം എൻ ഗോ, സ്റ്റാർബക്സ് തുടങ്ങി 11 തരം വൈവിധ്യമാർന്ന ഔട്ട്‌ലെറ്റുകൾ.
- 400 സീറ്റ് ഫുഡ് കോർട്ട്.
- ടിസോട്ട്, സ്കെച്ചേഴ്സ്, എസ്ഡബ്യുഎ ഡയമണ്ട്സ്, യുഎസ് പോളോ, ലൂയി ഫിലിപ്പ്, അലൻസൊള്ളി, പോഷെ സലൂൺ, ലെൻസ് ആൻ്റ് ഫ്രെയിംസ് തുടങ്ങിയ 30ലധികം ബ്രാൻഡുകൾ.
- 1000 വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യം.
- കാർ സ്പാ, ബേബി കെയർ റൂം, വീൽചെയർ, ഇവി സ്റ്റേഷൻ.