കൊല്ലം പത്തനാപുരത്ത് ലുലു ഹൈപ്പര്‍ മാര്‍ട്ട് വരുന്നോ? അതിനുള്ള സാദ്ധ്യതകള്‍ തേടുകയാണെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാര്‍. ഗണേഷ്‌കുമാറിന്റെ മണ്ഡലമാണ് പത്തനാപുരം. മണ്ഡലത്തില്‍ നവംബര്‍ മൂന്നിന് നടന്ന പരിപാടിയിലാണ് ലുലു ഗ്രൂപ്പുമായി നടത്തിയ ചര്‍ച്ചയെപ്പറ്റി ഗണേഷ് വെളിപ്പെടുത്തിയത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുമുണ്ട്.
എം എ യൂസഫലിയുമായി ചര്‍ച്ചനടത്തിയിട്ടുണ്ടെന്നും 98 ശതമാനവും ഇത് വിജയകരമാകാനാണ് സാധ്യത എന്നും ഗണേഷ്‌കുമാര്‍ പറയുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെയാണ്. നമ്മുടെ മണ്ഡലത്തില്‍ വളരെ പ്രധാനപ്പെട്ട ഒന്നുരണ്ടു സ്ഥാപനങ്ങള്‍ വരേണ്ടതുണ്ട്. ഞാന്‍ തന്നെ നേരിട്ട് ലുലുവുമായി സംസാരിച്ചിരിക്കുകയാണ്. ആദ്യം അവര്‍ വന്നു. ചില പരിമിതികള്‍ ഉണ്ട് എന്നുപറഞ്ഞു. അവര്‍ പോയി. പക്ഷെ നമുക്ക് ഒന്നും ചെയ്യാന്‍ പറ്റാത്ത പരിമിതിയാണ് അത്. അതിന്റെ ഉയരം കുറവാണെന്നു പറഞ്ഞു. എന്നാല്‍, ഉയരം കൂട്ടാന്‍ പറ്റില്ല. പക്ഷെ മറ്റൊരു തരത്തില്‍ ചെയ്യാമെന്ന് ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞു. അവര്‍ വീണ്ടും പദ്ധതി പൊടിതട്ടിയെടുത്തു. ഇവിടെ ലുലുമാള്‍ കൊണ്ടുവരാനുള്ള പരിപാടിയിലാണ്. അതിനായി ഞാന്‍ ഇപ്പോള്‍ പരമാവധി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
വലിയ ഒരു കമ്പനി, വലിയ ഒരു ഹൈപ്പര്‍ മറ്റ് ഇവിടെ വന്നു കഴിഞ്ഞാല്‍, അത് എല്ലാവര്‍ക്കും ഗുണം ചെയ്യും. ആ ഷോപ്പിംഗ് മാള്‍ വലിയ ഒരു വിജയമാകും. ഞാന്‍ തന്നെ നേരിട്ട് എം എ യൂസഫലിയെ കാണുകയും അദ്ദേഹത്തോടു ഈ അഭ്യര്‍ത്ഥന നടത്തുകയും ചെയ്തിട്ടുണ്ട്. നേരിട്ടുകണ്ട് പറയുകയാണ് ചെയ്തത്. അതിനു ശേഷം അദ്ദേഹത്തിന്റെ മാനേജര്‍ എന്നെ ബന്ധപ്പെട്ടു. മോഹന്‍ലാലിന്റെ ആശിര്‍ വാദിന്റെ മൂന്നു തിയറ്ററുകള്‍ അതിനുളളില്‍ വരാനിരിക്കുന്നു. മാള്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന മുറയ്ക്കു തിയ്യറ്ററും തുറക്കും. അതിനുള്ള പരിശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. അത് വന്നാല്‍ നമ്മളെ സംബന്ധിച്ച് വലിയ നേട്ടം തന്നെ ആയിരിക്കും.
യൂസഫലിയെ ഗള്‍ഫില്‍ പോയി കണ്ട് സംസാരിച്ചിരുന്നു. 98 ശതമാനവും അതുവരാനുള്ള സാധ്യത ഉണ്ടെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു.ലുലു ഗ്രൂപ്പിന് കേരളത്തില്‍ കൊച്ചി തിരുവനന്തപുരം പാലക്കാട് കോഴിക്കോട് എന്നിവിടങ്ങളിലാണ് മാള്‍ ഉള്ളത്. ഇതോടൊപ്പം തൃപ്രയാറില്‍ ലുലു ഗ്രൂപ്പിന്റെ യു മാളും എറണാകുളം കുണ്ടന്നൂരിലെ ഫോറം മാളില്‍ ഒരു ഹൈപ്പര്‍ മാര്‍ക്കറ്റും ലുലുവിന്റേതായി പ്രവര്‍ത്തിക്കുന്നുണ്ട്. കോട്ടയത്തു നിര്‍മാണം പൂര്‍ത്തിയായ മാള്‍ ഡിസംബറില്‍ തുറക്കും. ഇതിനു പിന്നാലെ മലപ്പുറം ജില്ലയിലെ തിരൂര്‍, പെരിന്തല്‍മണ്ണ, കൊല്ലത്തെ കൊട്ടിയം എന്നിവിടങ്ങളിലും പുതിയ മാളുകള്‍ ലുലു തുറക്കാന്‍ പോകുന്നു.ഇതിനിടെയാണ് പത്തനാപുരത്ത് ഹൈപ്പര്‍മാര്‍ട്ട് വരുന്നതായി കെ ബി ഗണേഷ് കുമാര്‍ അറിയിച്ചത്.