കോഴിക്കോട്: ഫോൺ നഷ്ടപ്പെട്ടെന്ന പരാതിയുമായി എത്തിയ എലത്തൂർ എരഞ്ഞിക്കൽ സ്വദേശിനി ഗ്രീഷ്മയ്ക്ക് ഫോൺ കണ്ടെത്തി നൽകി പൊലീസ്. സെൻട്രൽ എക്യുപ്മെന്‍റ് ഐഡന്റിറ്റി റജിസ്റ്റർ (സിഇഐആർ) പോർട്ടലിലൂടെയാണ് എലത്തൂർ പൊലീസ് ഫോൺ കണ്ടെത്തിയത്. രണ്ട് ദിവസത്തിനുള്ളിൽ ആണ് ഫോൺ കണ്ടെത്തിയത് .
പരാതിക്കാരി പൊലീസിന്റെ നിർദേശ പ്രകാരം സിഇഐആർ പോർട്ടലിൽ ഫോണിന്റെ വിവരങ്ങൾ റജിസ്റ്റർ ചെയ്തു. ഇതിനു പിന്നാലെ കഴിഞ്ഞ ദിവസം പോർട്ടൽ വഴി ഫോണിൽ മറ്റൊരു സിം ഉപയോഗിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്ലസ് ടു വിദ്യാർഥിയുടെ കൈവശം ഫോൺ ഉള്ളതായി മനസ്സിലാക്കിയത്. പൊലീസ് വിദ്യാർഥിയുടെ വീട്ടിലെത്തി അന്വേഷണം നടത്തി.
അതേസമയം, കളഞ്ഞു കിട്ടിയ ഫോൺ കോഴിക്കോട്ടെ ഒരു സ്ഥാപനത്തിൽ വിൽപ്പന നടത്തിയതായി വിദ്യാർഥി പറഞ്ഞു. തുടർന്ന് വിൽപ്പന നടത്തിയ സ്ഥാപനത്തിൽ എത്തിയ പൊലീസ് ഫോൺ കണ്ടെടുക്കുകയായിരുന്നു. എലത്തൂർ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ കെ.ഷിമിനാണ് രണ്ടുദിവസത്തിനുള്ളിൽ പരാതിക്കാരിയുടെ ഫോൺ കണ്ടെത്തി നൽകിയത്.