പാലക്കാട്: ലോക്സഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിനായി വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലേയ്ക്ക്.ഈ മാസം 15ന് ആറ്റിങ്ങലും കുന്നംകുളത്തും നടക്കുന്ന എൻഡിഎ പൊതുപരിപാടികളിൽ പങ്കെടുക്കുമെന്നാണ് വിവരം.രണ്ടിടത്തും പൊതുസമ്മേളനമായിരിക്കുമെന്നാണ് സൂചന.
സന്ദർശനം സംബന്ധിച്ച ഔദ്യോഗിക വിവരം നേതൃത്വത്തിനു ലഭിച്ചു.അതെസമയം കോഴിക്കോട്ടും പരിപാടി സംഘടിപ്പിക്കുമെന്നും സൂചനയുണ്ട്. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ല.ആറ്റിങ്ങലിൽ കേന്ദ്രമന്ത്രി വി.മുരളീധരനാണ് എൻഡിഎ സ്ഥാനാർഥി. തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർഥി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ഉൾപ്പെടെയുള്ളവർ പരിപാടിയിൽ പങ്കെടുത്തേക്കും.
അതെസമയം ത്രികോണമത്സരം നടക്കുന്ന തൃശൂർ മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപിയുടെ പ്രചരണത്തിനു സഹായമാകുന്ന രീതിയിലാണ് ആലത്തൂർ മണ്ഡലത്തിൽ ഉൾപ്പെടുന്ന കുന്നംകുളം പരിപാടി സംഘടിപ്പിക്കുന്നത്. കരുവന്നൂർ സഹകരണ ബാങ്ക് സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട ഇ.ഡി. റെയ്ഡും സിപിഎം നേതാക്കളെ ചോദ്യം ചെയ്യലും ഉൾപ്പെടെ പ്രചരണ ആയുധമായി ഇതിനകം എൻഡിഎ മാറ്റിക്കഴിഞ്ഞു. ഇതിനിടെയാണ് പ്രധാനമന്ത്രിയുടെ വരവും. ദക്ഷിണേന്ത്യ കേന്ദ്രീകരിച്ച് പ്രവർത്തനം ശക്തമാക്കാനുള്ള പാർട്ടി കേന്ദ്ര കമ്മിറ്റിയുടെ തീരുമാനമാണ് പ്രധാനമന്ത്രിയുടെ അടിയ്ക്കടിയുള്ള സന്ദർശനത്തിന് പിന്നിൽ.