കോഴിക്കോട്: ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനത്തെത്തി.അതെസമയം കോൺഗ്രസ് നേതാവ് രാഹുൽ ഗന്ധി തിങ്കളാഴ്ച എത്തും. വയനാട് ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി കൂടിയായ രാഹുൽ മണ്ഡലത്തിൽ വിവിധ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും.
രാവിലെ കണ്ണൂരിൽ വിമാനമിറങ്ങുന്ന രാഹുലിനെ യു.ഡി.എഫ് നേതാക്കൾ സ്വീകരിക്കും.തുടർന്ന് 10 മണിയോടെ സുൽത്താൻ ബത്തേരിയിൽ നടക്കുന്ന റോഡ് ഷോയോടെയാണ് പര്യടനം ആരംഭിക്കുന്നത്. 11ന് പുൽപള്ളിയിൽ കർഷക സംഗമത്തിലും തുടർന്ന് മൂന്ന് റോഡ് ഷോകളിലും പങ്കെടുക്കും. വൈകീട്ട് 5.30ന് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിലും രാഹുൽ പങ്കെടുക്കുമെന്നാണ് വിവരം. മലപ്പുറം, കോഴിക്കോട്, വടകര മണ്ഡലങ്ങളിലെ യു.ഡി.എഫ് സ്ഥാനാർഥികൾക്ക് വേണ്ടിയും വോട്ട് വോട്ടഭ്യർഥിക്കും.
ഞായറാഴ്ച രാത്രി ഒമ്പതോടെയാണ് മോദി കൊച്ചിയിലെത്തിയത്. തൃശൂർ തിരുവനന്തപുരം ലോക്സഭാ മണ്ഡലങ്ങളിലെ സ്ഥാനാർഥികളുടെ പ്രചാരണ പരിപാടികളിലാണ് മോദി പങ്കെടുക്കുക. കുന്നംകുളത്ത് രാവിലെ 11നാണ് ആദ്യ പൊതുയോഗം. തൃശൂർ, ആലത്തൂർ, പാലക്കാട് മണ്ഡലങ്ങളിലെ എൻ.ഡി.എ സ്ഥാനാർഥികൾക്കുവേണ്ടി വോട്ട് അഭ്യർഥിക്കും.
പിന്നാലെ തിരുവനന്തപുരത്തേക്ക് പുറപ്പെടും. കാട്ടാക്കട ക്രിസ്ത്യൻ കോളജ് മൈതാനത്ത് പൊതുയോഗത്തിൽ പങ്കെടുക്കും.തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനുശേഷം മോദിയുടെ രണ്ടാം കേരള സന്ദർശനമാണിത്. മാർച്ച് 19ന് പാലക്കാട്ടും പത്തനംതിട്ടയിലും മോദി പ്രചാരണത്തിനെത്തിയിരുന്നു.