തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ 71.16 ശതമാനം പോളിങ്.എന്നാൽ ഈ പോളിങ്ങിൽ ഇനിയും മാറ്റം വരാമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.നിലവിലെ കണക്കുകളിൽ വീട്ടിലെ വോട്ടും പോസ്റ്റൽ വോട്ടും ചേർത്തിട്ടില്ല.മാത്രമല്ല ഇനി തപാൽവോട്ടുകൾ കൂടി ചേർക്കുമ്പോൾ പോളിങ് 72 ശതമാനം പിന്നിട്ടേക്കാമെന്നാണ് വിലയിരുത്തൽ.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ (2019) 77.84 ശതമാനമായിരുന്നു കേരളത്തിലെ പോളിങ് ശതമാനം. 30 വർഷത്തിനിടെയുള്ള റെക്കോർഡ് പോളിങ്ങായിരുന്നു അത്.എന്നാൽ ഇത്തവണ പോളിങ് ശതമാനം കുറഞ്ഞതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.ഭരണവിരുദ്ധ വികാരം,മാസപ്പടി വിവാദം, രാഷ്ട്രീയ കൂറുമാറ്റം,മോദി ഗ്യാരന്റി ഉൾപ്പെടെ മുന്നണികൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ തുറുപ്പു ചീട്ടാക്കിയെങ്കിലും അതൊന്നും അത്രത്തോളം ഫലംകണ്ടില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.മാത്രമല്ല കനത്ത ചൂടു കാരണം വോട്ടർമാർ ബൂത്തുകളിലെത്താത്തതും മണിക്കൂറുകളുടെ കാത്തിരിപ്പു കാരണമുള്ള മടങ്ങിപ്പോക്കും വോട്ടിങ് ശതമാനം കുറയാൻ കാരണമായിട്ടുണ്ടെന്നാണു പൊതുവിലയിരുത്തൽ.
വോട്ടിങ് മെഷീനിലെ തകരാറും ഉദ്യോഗസ്ഥരുടെ പരിചയക്കുറവു കാരണമുള്ള കാലതാമസവും പലയിടത്തും രാത്രി ഏറെ വൈകിയും വോട്ടെടുപ്പു നീളാനിടയാക്കി. തിരുവനന്തപുരം, വടകര മണ്ഡലങ്ങളിലെ ഒട്ടേറെ ബൂത്തുകളിൽ വോട്ടു ചെയ്യാൻ പതിവിൽ കൂടുതൽ സമയമെടുത്തെന്ന പരാതിയുമുണ്ട്.