തൃശൂർ: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ദേശീയ നേതാക്കളെ കളത്തിൽ ഇറക്കി മുന്നണികൾ.തിങ്കളാഴ്ച തൃശൂരിൽ കെ മുരളീധരന് വേണ്ടി ഡി. കെ ശിവകുമാർ പ്രചാരണത്തിനിറങ്ങി.ബിജെപിക്കായി പ്രധാനമന്ത്രി തൃശ്ശൂരിലെത്താൻ ഒരുങ്ങുന്നതിനിടയിലാണ് സ്റ്റാർ പ്രചാരകനായ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ തന്നെ കളത്തിലിറക്കിയുള്ള കോൺഗ്രസിന്റെ പ്രചാരണം.
താരപ്രചാരകന്റെ വരവിൽ ആവേശത്തിലായിരുന്നു കോൺഗ്രസ് പ്രവർത്തകരും.പിന്നാലെ പൊതുസമ്മേളന വേദിയിൽ മുഖ്യമന്ത്രിക്കെതിരെ ഡി കെ ശിവകുമാർ ആഞ്ഞടിച്ചു. മറ്റു സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിമാരെ വരെ ഇഡി വേട്ടയാടുമ്പോൾ കേരളത്തിൽ മുഖ്യമന്ത്രിയെയും കുടുംബത്തെയും തൊടുന്നില്ല എന്നായിരുന്നു ഡികെയുടെ വിമർശനം.
കർണാടകത്തിൽ ബിജെപിക്കൊപ്പം നിൽക്കുന്ന പാർട്ടിയാണ് ജെഡിഎസ് കേരളത്തിൽ ഇടതുമുന്നണിക്കൊപ്പവും. ഇടതു സർക്കാരാണോ അതോ എൻഡിഎ സർക്കാരാണോ കേരളത്തിൽ ഭരണം നടത്തുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ഡി കെ ശിവകുമാർ ആവശ്യപ്പെട്ടു.