കേരളത്തെ ഞെട്ടിച്ചുകൊണ്ടാണ് കണ്ണൂര്‍ എഡിഎമ്മിന്റെ ആത്മഹത്യാവാര്‍ത്ത ചൊവ്വാഴ്ച രാവിലെ പുറത്തുവന്നത്. ജീവനൊടുക്കിയ കണ്ണൂര്‍ എഡിഎം ഇതു വരെ മോശം ട്രാക്ക് റെക്കോഡില്ലാത്ത ഉദ്യോഗസ്ഥനെന്നാണ് പൊതുസമൂഹം ഒന്നടങ്കം പറയുന്നത്. മലയാലപ്പുഴ പത്തിശേരി കാരുവേലില്‍ നവീന്‍ ബാബുവിനെ കുറിച്ച് നാട്ടുകാര്‍ക്കെല്ലാം പറയാനുള്ളത് നന്മ നിറഞ്ഞ കാര്യങ്ങള്‍ മാത്രമാണ്. അഞ്ചു പൈസ കൈക്കൂലി വാങ്ങാത്ത ഉദ്യോഗസ്ഥനായിരുന്നു. കറ തീര്‍ന്ന സിപിഎമ്മുകാരനായിരുന്നു ഇദ്ദേഹമെന്നുമാണ് നാട്ടുകാര്‍ പറയുന്നത്.
തുടക്കത്തില്‍ എന്‍ജിഒ യൂണിയന്റെ സജീവ പ്രവര്‍ത്തകനായിരുന്നു നവീന്‍ ബാബു. എഡിഎം ആയപ്പോഴും ഇടതു സര്‍വീസ് സംഘടനയില്‍ തുടര്‍ന്നു. കാസര്‍കോഡ് എഡിഎം ആയിരുന്നപ്പോഴാണ് തിരഞ്ഞെടുപ്പിന്റെ ഭാഗമായി നവീന്‍ ബാബുവിനെ കണ്ണൂരിലേക്ക് സ്ഥലം മാറ്റിയത്. തിരഞ്ഞെടുപ്പു കഴിഞ്ഞ് നേരത്തേ സ്ഥലം മാറ്റപ്പെട്ടവരെയെല്ലാം തിരികെ മാറ്റിയെങ്കിലും നവീനെ മാത്രം മാറ്റിയില്ല.
കണ്ണൂരില്‍ ഒരു വിഭാഗം സിപിഎം പ്രവര്‍ത്തകര്‍ക്ക് പ്രിയങ്കരനായിരുന്നു അദ്ദേഹം. എന്നാല്‍, പാര്‍ട്ടിയിലെ വിഭാഗീയത മൂലം മാനസിക സമ്മര്‍ദം ഏറിയതോടെ അദ്ദേഹം നാട്ടിലേക്ക് സ്ഥലം മാറ്റം ചോദിച്ചു. വിരമിക്കാന്‍ ഏഴു മാസം മാത്രമുള്ളപ്പോഴായിരുന്നു ഇത്. അദ്ദേഹത്തെ കണ്ണൂരില്‍ നിന്ന് വിടാന്‍ സിപിഎമ്മിലെ ഒരു പറ്റം നേതാക്കള്‍ക്ക് മടിയായിരുന്നു. വളരെയധികം സമ്മര്‍ദം ചെലുത്തിയാണ് പത്തനംതിട്ട എഡിഎമ്മായി സ്ഥലം മാറ്റം വാങ്ങിയത്.
കോന്നി തഹസില്‍ദാര്‍ മഞ്ജുഷയാണ് ഭാര്യ. രണ്ടു മക്കളുണ്ട്. കണ്ണൂരില്‍ നിന്ന് യാത്രയയപ്പ് കഴിഞ്ഞ് മടങ്ങിയെത്തുന്ന നവീന്‍ ബാബുവിന് വേണ്ടി ഭാര്യ കാത്തിരിക്കുമ്പോഴാണ് മരണ വാര്‍ത്ത എത്തുന്നത്. നവീന്റെ മലയാലപ്പുഴയിലെ വീട്ടിലേക്ക് നാട്ടുകാരുടെ പ്രവാഹമാണ്. സംഭവത്തില്‍ പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. നവീന്‍ ബാബുവിനെ കണ്ണൂര്‍ നഗരത്തിലെ പള്ളിക്കുന്നിലെ താമസസ്ഥലത്താണ് ചൊവ്വാഴ്ച്ച രാവിലെ അദ്ദേഹത്തെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.
തിങ്കളാഴ്ച്ച വൈകിട്ട് കണ്ണൂര്‍ കളക്ടറുടെ ചേംബറില്‍ നടന്ന യാത്രയയപ്പ് സമ്മേളനത്തില്‍ ചെങ്ങളായിയില്‍ പെട്രോള്‍ പമ്പിന് എന്‍.ഒ.സി കൊടുക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ കാലതാമസം വരുത്തിയതിന് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ എ.ഡി.എമ്മിനെ പരസ്യമായി വിമര്‍ശിച്ചിരുന്നു എ.ഡി.എം സ്ഥലം മാറി പോകുന്നതിന് ദിവസങ്ങള്‍ക്കു മുന്‍പ് എന്‍ഒസി അനുവദിച്ചത് അഴിമതിയതാണെന്നും ഇതിന്റെ തെളിവുകള്‍ തന്റെ കൈവശമുണ്ടെന്നും ദിവ്യ പറഞ്ഞിരുന്നു. ഈ കാര്യം നാലു ദിവസത്തിനുള്ളില്‍ പുറത്തുവിടുമെന്നു ഭീഷണിപ്പെടുത്തിയാണ് ദിവ്യ യാത്രയയപ്പ് യോഗത്തില്‍ തന്റെ പ്രസംഗം കഴിഞ്ഞതിന് ശേഷം ബഹിഷ്‌കരിച്ചു പുറത്ത് പോയത്.
എ.ഡി.എമ്മിന് ഉപഹാരം നല്‍കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ താല്‍പര്യമില്ലന്നും പി.പി ദിവ്യ തുറന്നടിച്ചിരുന്നു. കണ്ണൂരില്‍ നിന്നും സ്വദേശമായ പത്തനംതിട്ടയിലേക്കാണ് എ.ഡി.എം.കെ. നവീന്‍ ബാബു സ്ഥലം മാറി പോകേണ്ടിയിരുന്നത്. ഇതിനിടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. യാത്രയയപ്പ് സമ്മേളനത്തില്‍ കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ. വിജയനായിരുന്നു ഉദ്ഘാടകന്‍. ഇതിനിടെ ക്ഷണിക്കപ്പെടാത്ത അതിഥിയായി കയറി വന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ അകാരണമായി വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയായിരുന്നു. അപമാന ഭാരത്തിലുള്ള മനോവിഷമത്തിലാണ് എ.ഡി.എം. കലക്ടറില്‍ നിന്നും ഉപഹാരം സ്വീകരിച്ച ശേഷം മടങ്ങിയത്.
എ.ഡി. എമ്മിന്റെ മരണം രാഷ്ട്രീയവിവാദമായി മാറിയതോടെ കോണ്‍ഗ്രസും ബി.ജെ.പിയും സി.പി.എം നേതാവ് കൂടിയായ പി.പി ദിവ്യ യ്‌ക്കെതിരെ പ്രതിഷേധവുമായി രംഗത്തു വന്നിട്ടുണ്ട്. പത്തനംതിട്ടയില്‍ ജോലിയില്‍ പ്രവേശിക്കുന്നതിനായി ചൊവ്വാഴ്ച്ച രാവിലെ നവീന്‍ബാബു ട്രെയിന്‍ കയറേണ്ടതായിരുന്നു.
എന്നാല്‍ വിളിച്ചിട്ട് ഫോണ്‍ എടുക്കാതെയായപ്പോള്‍ കുടുംബാംഗങ്ങള്‍ സഹപ്രവര്‍ത്തകരെ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് പള്ളിക്കുന്നിലെ താമസ സ്ഥലത്ത് നടത്തിയ പരിശോധനയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ചെങ്ങളായിയിലെ പെട്രോള്‍ പമ്പിന് എന്‍.ഒ.സി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് എ.ഡി.എം കൈക്കൂലി വാങ്ങിയെന്ന പരോക്ഷ ആരോപണമാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ യാത്രയയപ്പ് സമ്മേളനത്തിനിടെ ഉന്നയിച്ചത്.
അതിനിടയില്‍, നവീന്‍ ബാബു പെട്രോള്‍ പമ്പിന് നിരാക്ഷേപ പത്രം നല്‍കുന്നതിനായി കൈക്കൂലി ആവശ്യപ്പെട്ടു എന്ന പമ്പുടമയുടെ പരാതി പുറത്തുവന്നു. ഇതു സംബന്ധിച്ച് പമ്പുടമ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി പുറത്തുവന്നത്. കണ്ണൂര്‍ നിടുവാലൂരില്‍ ടി.വി.പ്രശാന്തന്‍ എന്നയാളില്‍ നിന്ന് പമ്പ് ഔട്ട്ലെറ്റിന്റെ എന്‍ഒസി ലഭിക്കുന്നതിന് ഒരു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുകയും 98,500 രൂപ കൈപ്പറ്റുകയും ചെയ്‌തെന്നാണ് പരാതി.
പമ്പിന്റെ അനുമതിക്കായി കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന് അപേക്ഷ സമര്‍പ്പിച്ചെങ്കിലും അദ്ദേഹം അത് വൈകിപ്പിച്ചതായി പ്രശാന്തന്റെ പരാതിയില്‍ പറയുന്നു. തുടര്‍ന്ന് ഒക്ടോബര്‍ 6ന് നവീന്‍ ബാബു താമസസ്ഥലത്തേക്ക് വിളിച്ചുവരുത്തി ഒരു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു. നല്‍കിയില്ലെങ്കില്‍ ഈ ജന്മത്തില്‍ അനുമതി നല്‍കില്ലെന്നും ബന്ധുക്കളും സുഹൃത്തുക്കളും ചെയ്യുന്ന മറ്റു ബിസിനസുകളിലും ജോലികളിലും തടസ്സം സൃഷ്ടിക്കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു.
തുടര്‍ന്ന് 98,500 രൂപ നവീന് പള്ളിക്കുന്നിലെ ക്വാര്‍ട്ടേഴ്‌സില്‍ എത്തിച്ചു നല്‍കി. പിന്നീട് ഒക്ടോബര്‍ എട്ടിന് പെട്രോള്‍ പമ്പിന് അനുമതി ലഭിച്ചുവെന്നും പ്രശാന്തന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.