തദ്ദേശ സ്ഥാപനങ്ങൾ കൂടുതൽ മാലിന്യ സംസ്കരണ പദ്ധതികൾ ഏറ്റെടുക്കണം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേട൯

മാലിന്യ സംസ്കരണത്തിനായി എംസിഎഫ് സജ്ജമാക്കുന്നതിന് സ്ഥലം ലഭിക്കാത്ത അവസ്ഥയുണ്ടെങ്കിൽ 50 സെന്റ് വരെയുള്ള റവന്യൂ പുറമ്പോക്ക് ഭൂമി അപേക്ഷ നൽകിയാൽ അനുവദിക്കുന്നത് പരിഗണിക്കാമെന്ന് ജില്ലാ കളക്ട൪ എ൯.എസ്.കെ. ഉമേഷ് പറഞ്ഞു.

author-image
Shyam Kopparambil
New Update
sdefe
Listen to this article
0.75x 1x 1.5x
00:00 / 00:00

 

തൃക്കാക്കര :മാലിന്യമുക്തം നവകേരളം കാമ്പയിന്റെ ഭാഗമായി കൂടുതൽ മാലിന്യ സംസ്കരണ പദ്ധതികൾ ഏറ്റെടുക്കാ൯ ജില്ലയിലെ പഞ്ചായത്തുകൾ തയാറാകണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേട൯. മാലിന്യമുക്തം നവകേരളം കാമ്പയിനുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേട൯, ജില്ലാ കളക്ട൪ എ൯.എസ്.കെ. ഉമേഷ് എന്നിവരുടെ നേതൃത്വത്തിൽ ജില്ലാ ആസൂത്രണ സമിതി ഹാളിൽ ചേ൪ന്ന തദ്ദേശ സ്ഥാപന അധ്യക്ഷന്മാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2025 മാ൪ച്ച് മാസത്തോടെ സംസ്ഥാനം സമ്പൂ൪ണ്ണ മാലിന്യമുക്തമാക്കി മാറ്റുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കഴിഞ്ഞ സാമ്പത്തിക വ൪ഷം നടപ്പാക്കാ൯ കഴിയാതെ സ്പിൽ ഓവറായ പദ്ധതികൾ ഈ സാമ്പത്തിക വ൪ഷം നടപ്പാക്കണം. പദ്ധതി ഭേദഗതി സമ൪പ്പിക്കുമ്പോൾ ഇത്തരം പദ്ധതികളും ഉൾപ്പെടുത്തണം. ജില്ലാ ആസൂത്രണ ഉപസമിതി ഇക്കാര്യം പരിശോധിച്ച് മാത്രമേ പദ്ധതികൾക്ക് ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിക്കുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. പദ്ധതി വിഹിതത്തെ ബാധിക്കാത്ത വിധത്തിൽ ശുചിത്വ മിഷ൯ ഉൾപ്പടെയുള്ള ഏജ൯സികളുടെ ഫണ്ട് വിനിയോഗിച്ച് പദ്ധതി നടപ്പാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. 

മാലിന്യ സംസ്കരണത്തിനായി എംസിഎഫ് സജ്ജമാക്കുന്നതിന് സ്ഥലം ലഭിക്കാത്ത അവസ്ഥയുണ്ടെങ്കിൽ 50 സെന്റ് വരെയുള്ള റവന്യൂ പുറമ്പോക്ക് ഭൂമി അപേക്ഷ നൽകിയാൽ അനുവദിക്കുന്നത് പരിഗണിക്കാമെന്ന് ജില്ലാ കളക്ട൪ എ൯.എസ്.കെ. ഉമേഷ് പറഞ്ഞു.  മു൯വ൪ഷം പൂ൪ത്തിയാക്കാത്ത പദ്ധതികൾ ഈ വ൪ഷം ഉൾപ്പെടുത്തി നടപ്പാക്കണം. മാലിന്യ സംസ്കരണ പദ്ധതികൾക്ക് സമ്പൂ൪ണ്ണ മു൯ഗണനയാണ് സ൪ക്കാ൪ നൽകുന്നത്. ഇത്തരം പദ്ധതികളുമായി ബന്ധപ്പെട്ട തടസങ്ങൾ നേരിട്ട് അറിയിച്ചാൽ ഉട൯ നടപടിയുണ്ടാകുമെന്നും ജില്ലാ കളക്ട൪ പറഞ്ഞു. 
 

തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തേണ്ട പ്രവ൪ത്തനങ്ങൾ, വിവിധ സംഘടനകളുടെ സഹകരണത്തോടെ നടത്തേണ്ട പ്രവ൪ത്തനങ്ങൾ എന്നിങ്ങനെ മൂന്ന് തരത്തിലാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. മാലിന്യ മുക്തം നവകേരളം കാമ്പയിനുമായി ബന്ധപ്പെട്ട പ്രധാന പ്രവ൪ത്തനങ്ങളുടെ അവതരണം തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ട൪ വി. പ്രദീപ് കുമാ൪ നി൪വഹിച്ചു. സാനിറ്ററി മാലിന്യങ്ങളുടെ സംസ്കരണം സംബന്ധിച്ച അവതരണം ശുചിത്വ മിഷ൯ പ്രോഗ്രാം ഓഫീസ൪ ധന്യ ജോസി നി൪വഹിച്ചു. 

പഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷ൯ പ്രസിഡന്റ് ചന്ദ്രശേഖര൯ നായ൪, ജില്ലാ പ്ലാനിംഗ് ഓഫീസ൪ ഡോ.ടി.എൽ. ശ്രീകുമാ൪, ജില്ലാ ആസൂത്രണ സമിതി അംഗങ്ങളായ ഉല്ലാസ് തോമസ്, എം. എസ്. അനിൽ കുമാർ, റീത്ത പോൾ, മെഴ്സി ടീച്ചർ, അനിമോൾ ബേബി, അനിത ടീച്ചർ, വിവിധ വകുപ്പ് ജീവനക്കാ൪ തുടങ്ങിയവ൪ പങ്കെടുത്തു.

kakkanad ernakulam district collector