മദ്യനയത്തിൽ‌  ശുപാർശയൊന്നും നൽകിയിട്ടില്ല;  ടൂറിസം ഡയറക്ടർ

വെഡിങ് ഡെസ്റ്റിനേഷൻ ആയി കേരളത്തെ ഉയർത്തുന്നതിന് നേരിടുന്ന തടസ്സങ്ങൾ, ദീർഘകാലമായി ടൂറിസം മേഖല നേരിടുന്ന പ്രശ്നങ്ങൾ തുടങ്ങിയവയാണ് യോഗത്തിൽ  ഉന്നയിച്ച വിഷയങ്ങൾ.

author-image
Vishnupriya
New Update
pb

പി.ബി.നൂഹ്

Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: മദ്യനയത്തിൽ ഒരു ശുപാർശയും നൽകിയിട്ടില്ലെന്ന് ടൂറിസം വകുപ്പ്. ഇൻഡസ്ട്രി കണക്റ്റിന്‍റെ ഭാഗമായി നടത്തിയ യോഗത്തെക്കുറിച്ച് തെറ്റിദ്ധാരണയുണ്ടാക്കുന്ന വാർത്തകളാണ് പുറത്തു വരുന്നതെന്ന്  അറിയിച്ച് ടൂറിസം ഡയറക്ടർ പി.ബി.നൂഹ് വാർത്താക്കുറിപ്പ് പുറത്തിറക്കി. മന്ത്രിയുടെ നിർദേശപ്രകാരമല്ല യോഗം വിളിച്ചതെന്നും ടൂറിസം വകുപ്പ് വ്യക്തമാക്കി. യോഗത്തിൽ പങ്കെടുത്തവരുടെ വിശദാംശങ്ങളിൽനിന്നു തന്നെ ഇതു ബാർ ഉടമകളുടെ മാത്രമായതോ, സർക്കാരിന്റെ മദ്യനയവുമായി ബന്ധപ്പെട്ടതോ ആയ പ്രത്യേക യോഗം അല്ല എന്നത് വളരെ വ്യക്തമാണെന്നും ടൂറിസം ഡയറക്ടര്‍ വ്യക്തമാക്കി.

വെഡിങ് ഡെസ്റ്റിനേഷൻ ആയി കേരളത്തെ ഉയർത്തുന്നതിന് നേരിടുന്ന തടസ്സങ്ങൾ, ദീർഘകാലമായി ടൂറിസം മേഖല നേരിടുന്ന പ്രശ്നങ്ങൾ തുടങ്ങിയവയാണ് യോഗത്തിൽ  ഉന്നയിച്ച വിഷയങ്ങൾ. ഈ വിഷയങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള ശുപാർശകളോ അഭിപ്രായങ്ങളോ തീരുമാനങ്ങളോ ടൂറിസം ഡയറക്ടറേറ്റിൽ നിന്നും സർക്കാരിലേക്ക് നൽകിയിട്ടില്ല. ടൂറിസം വകുപ്പിന്റെ ഡയറക്ടർ എന്ന നിലയിൽ മേഖലയിലെ വിഷയങ്ങൾ പഠിക്കാൻ ഡയറക്ടറുടെ തലത്തിൽ യോഗങ്ങൾ കൂടുന്ന രീതിയുണ്ട്. അത്തരം യോഗങ്ങൾ ഉദ്യോഗസ്ഥ തലത്തിൽ നടത്തുകയാണ് പതിവ്. അപ്രകാരം ഒരു സ്റ്റേക് ഹോൾഡർ മീറ്റിങ് മാത്രമാണ് മേയ് 21ന് നടത്തിയിട്ടുള്ളതെന്നും ടൂറിസം ഡയറക്ടർ പത്രക്കുറിപ്പിൽ പറയുന്നു.

യോഗനടപടികൾ അടങ്ങിയിട്ടുള്ള നോട്ടിസിൽ വിഷയം ചുരുക്കി പരാമർശിക്കേണ്ടത് ഉണ്ട്. വിവിധ സംഘടനകൾ ഉന്നയിച്ച വിഷയങ്ങളിൽ ഒന്ന് ഉൾപ്പെടുത്തിയിരുന്നു. ഇതിനെ ദുർവ്യാഖ്യാനം ചെയ്ത് മറ്റു വകുപ്പുകളിൽ ടൂറിസം വകുപ്പ് കൈകടത്തുന്നു എന്ന തരത്തിൽ ഉന്നയിച്ച ആരോപണത്തിന് അടിസ്ഥാനമില്ല. ഉയർന്നുവന്ന വിഷയങ്ങൾ ടൂറിസം വ്യവസായവുമായി ബന്ധപ്പെട്ട സംഘടനകൾ ദീർഘകാലമായി ഉന്നയിച്ചു വരുന്നതാണ്. എന്നാൽ ഇക്കാര്യങ്ങളിൽ ഒരു നിലപാടും ബന്ധപ്പെട്ട വകുപ്പുകളെ അറിയിച്ചിട്ടില്ല. കൂടാതെ, മദ്യനയവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന മറ്റു വാർത്തകളുമായോ, ചില വ്യക്തികൾ നടത്തിയ പരാമർശങ്ങളുമായോ ടൂറിസം ഡയറക്ടറേറ്റിന് യാതൊരുവിധ ബന്ധവുമുള്ളതല്ല എന്നും ടൂറിസം ഡയറക്ടര്‍ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

tourism director liquor policy