ഡൽഹി: മദ്യനയ അഴിമതി കേസിൽ ഇടക്കാല ജാമ്യാക്കാലാവധി അവസാനിച്ച ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ ഇന്ന് തീഹാർ ജയിലിൽ കീഴടങ്ങും. ഉച്ചയ്ക്ക് മൂന്ന് മണിയോടെ ജയിലിലേക്ക് പോകുമെന്ന് കെജ്‍രിവാൾ അറിയിച്ചു.ഇടക്കാല ജാമ്യം നീട്ടണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ വിധി ഈ മാസം അഞ്ചിലേക്ക് വിചാരണക്കോടതി മാറ്റിയിരുന്നു. ഇന്ന് വിധി പറയണമെന്ന് കെജ്‍രിവാളിൻറെ അഭിഭാഷകർ ആവശ്യപ്പെട്ടെങ്കിലും കോടതി ബുധനാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. ഇതോടെയാണ് കെജ്‌രിവാൾ വീണ്ടും തിഹാർ ജയിലിലേക്ക് മടങ്ങുന്നത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കുന്നതിനായി ജൂൺ ഒന്നു വരെയാണ് കെജ്രിവാളിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചിരുന്നത്. ഇടക്കാലജാമ്യം നീട്ടണമെന്നും സ്ഥിര ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് കെജ്രിവാൾ ഡൽഹി റൗസ് അവന്യൂ കോടതിയെ സമീപിച്ചത്. ഡൽഹി മുഖ്യമന്ത്രിയുടെ ആരോഗ്യനില തൃപ്‌തികരമല്ലെന്നും ചില പരിശോധനകൾകൂടി നടത്തേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് കെജ്രിവാളിന്റെ അഭിഭാഷകൻ ഏഴു ദിവസത്തെ ഇടക്കാല ജാമ്യം ആവശ്യപ്പെട്ടത്.
എന്നാൽ, കെജ്രിവാളിന്റെ ജാമ്യാപേക്ഷയെ എൻഫോഴ്‌സ്മെന്റ് ഡയറക്‌ടറേറ്റ് ശക്‌തമായി എതിർത്തു. ഡൽഹിയിലും പഞ്ചാബിലും ഉൾപ്പെടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായി പങ്കെടുത്ത കെജ്രിവാളിന് അനാരോഗ്യം ചൂണ്ടിക്കാട്ടി ജാമ്യകാലാവധി നീട്ടി നൽകരുതെന്നും ഇ.ഡി. വാദിച്ചു.
താൻ നാളെ കീഴടങ്ങുമെന്ന് കെജ്രിവാൾ ഒരു വീഡിയോ സന്ദേശത്തിൽ പറഞ്ഞതായി ഇ.ഡിക്കുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദത്തിനിടെ ചൂണ്ടിക്കാട്ടി. എന്നാൽ, അത്തരമൊരു പ്രസ്‌താവനയെക്കുറിച്ച് അറിയില്ലെന്ന് കെജ്രിവാളിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ എൻ. ഹരിഹരൻ പറഞ്ഞു.ഇരുപക്ഷത്തിന്റെ വാദം പൂർത്തിയായതോടെയാണ് ഹർജി വിധി പറയാനായി മാറ്റിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് ശേഷം ബുധനാഴ്‌ചയാണ് ഹർജി പരിഗണിക്കുന്നത്.
കഴിഞ്ഞ മാർച്ച് 21-ന് ഇ.ഡി. അറസ്‌റ്റ് ചെയ്‌ത കെജ്രിവാളിന് മേയ് പത്തിനാണ് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. ഇടക്കാലജാമ്യം ഏഴു ദിവസംകൂടി നീട്ടണമെന്നാവശ്യപ്പെട്ട് കെജ്രിവാൾ നൽകിയ ഹർജി സുപ്രീം കോടതി രജിസ്‌ട്രി നിരസിച്ചിരുന്നു. സ്‌ഥിരജാമ്യത്തിന് വിചാരണക്കോടതിയെ സമീപിക്കാൻ സുപ്രീം കോടതി നിർദേശിച്ചിട്ടുള്ളതിനാൽ ഇടക്കാലജാമ്യം നീട്ടണമെന്ന അപേക്ഷ സ്വീകരിക്കാൻ കഴിയില്ലെന്നാണ് രജിസ്‌ട്രി വ്യക്‌തമാക്കിയത്. ഇതേത്തുടർന്നാണ് കെജ്രിവാൾ ജാമ്യത്തിനായി വിചാരണക്കോടതിയെ സമീപിച്ചത്.