മാനന്തവാടി: വയനാട് മുണ്ടക്കൈ, അട്ടമല, ചൂരൽമല എന്നിവിടങ്ങളിലുണ്ടായ ഉരുൾപൊട്ടലിനെ ഒരുമിച്ച് നേരിടുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ.തമിഴ്നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 5 കോടി രൂപ രക്ഷാപ്രവർത്തനങ്ങൾക്കായി കേരളത്തിന് നൽകുമെന്നും സ്റ്റാലിൻ അറിയിച്ചു.രക്ഷാദൗത്യത്തിനായി ആവശ്യമായ എല്ലാ സഹായവും നൽകുമെന്നും സ്റ്റാലിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണിൽ സംസാരിക്കവെ ഉറപ്പുനൽകി..
കൂടാതെ രക്ഷാദൗത്യത്തിന്റെ സഹായത്തിനായി അഗ്നിശമന സേനാംഗങ്ങൾ, ഡോക്ടർമാർ, സപ്പോർട്ട് സ്റ്റാഫ്, സ്റ്റേറ്റ് ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്സ് (എസ്‌ഡിആർഎഫ്) എന്നിവരടങ്ങുന്ന മൂന്ന് സംഘത്തെ വയനാട്ടിലേയ്ക്ക് എത്തിക്കുമെന്നും തമിഴ്നാട് സർക്കാർ അറിയിച്ചു. തമിഴ്നാട്ടിൽ നിന്നുള്ള സംഘങ്ങൾ ഏറ്റെടുക്കുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ രണ്ട് മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരായ ജി സമീരൻ, ജോണി ടോം വർഗീസ് എന്നിവരെയും മുഖ്യമന്ത്രി എം കെ സ്റ്റാലിൻ വയനാട്ടിൽ നിയോഗിച്ചു.
ഒരു ജോയിൻ്റ് ഡയറക്ടറുടെ നേതൃത്വത്തിൽ 20 അഗ്നിശമന സേനാംഗങ്ങളും 20 പേരടങ്ങുന്ന SDRF ടീമും 10 ഡോക്ടർമാരും നഴ്സുമാരും സപ്പോർട്ട് സ്റ്റാഫും ഉൾപ്പെടുന്നതാണ് വയനാട്ടിനായുള്ള തമിഴ്നാടിന്റെ ദുരിതാശ്വാസ ആൻ്റ് റെസ്ക്യൂ ടീം. ഇവരോട് ഇന്ന് തന്നെ കേരളത്തിലേക്ക് പോകാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചിട്ടുണ്ടെന്ന് തമിഴ്നാട് സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.