ഉരുള്‍പൊട്ടല്‍: വിദഗ്ധപഠനം വേണമെന്ന് കേന്ദ്രസംഘം

കേന്ദ്ര ആഭ്യന്തര വകുപ്പ് ജോയിന്റ് സെക്രട്ടറിയും ഇന്റര്‍ മിനിസ്റ്റീരിയല്‍ സെന്‍ട്രല്‍ ടീം ലീഡറുമായ രാജീവ് കുമാറിന്റെ നേത്വത്തിലുള്ള കേന്ദ്രസംഘമാണ് സന്ദര്‍ശനം നടത്തിയത്.

author-image
Prana
New Update
wayanad landslide missing
Listen to this article
0.75x 1x 1.5x
00:00 / 00:00

ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് വയനാട് ഉരുള്‍പൊട്ടല്‍ വലിയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും വിദഗ്ധപഠനം ആവശ്യമാണെന്നും ജില്ല സന്ദര്‍ശിച്ച കേന്ദ്ര സംഘം. കേന്ദ്ര ആഭ്യന്തര വകുപ്പ് ജോയിന്റ് സെക്രട്ടറിയും ഇന്റര്‍ മിനിസ്റ്റീരിയല്‍ സെന്‍ട്രല്‍ ടീം ലീഡറുമായ രാജീവ് കുമാറിന്റെ നേത്വത്തിലുള്ള കേന്ദ്രസംഘമാണ് സന്ദര്‍ശനം നടത്തിയത്. സംഘം ആദ്യം കളക്ടറേറ്റില്‍ മന്ത്രിസഭാ ഉപസമിതി അംഗമായ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്, ജനപ്രതിനിധികള്‍, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവരുമായി യോഗം ചേര്‍ന്ന് ഇതുവരെയുള്ള സ്ഥിതി മനസ്സിലാക്കി.
ദുരന്തത്തിന്റെ ആദ്യദിനം മുതല്‍ ജില്ലയില്‍ നടപ്പാക്കിയ രക്ഷാപ്രവര്‍ത്തനങ്ങള്‍, തെരച്ചില്‍ നടപടികള്‍, ദുരിതാശ്വാസ ക്യാമ്പുകള്‍, മൃതശരീരങ്ങളുടെ പോസ്റ്റുമോര്‍ട്ടം, ബന്ധുക്കള്‍ക്ക് കൈമാറല്‍, സംസ്‌ക്കാരം, ഡിഎന്‍എ ടെസ്റ്റ്, മരിച്ചവരുടെയും കാണാതായവരുടെയും പട്ടിക ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ വിശദീകരിച്ചു.
പ്രദേശത്ത് ഉരുള്‍പൊട്ടലിന് കാരണമായേക്കാവുന്ന സാഹചര്യങ്ങള്‍ കെ.എസ്.ഡി.എം.എ മെമ്പര്‍ സെക്രട്ടറി ഡോ. ശേഖര്‍ എല്‍ കുര്യാക്കോസ് വിശദീകരിച്ചു. ചൂരല്‍മല, മുണ്ടക്കൈ, പുഞ്ചിരിമട്ടം പ്രദേശങ്ങളിലെ ജനവാസമേഖലയിലും തോട്ടം മേഖലയിലുമുണ്ടായ നഷ്ടം വളരെ വലുതാണെന്നും പുനരധിവാസത്തിനു മാത്രമായി 2000 കോടി രൂപ ആവശ്യമാണെന്നും സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസംഘത്തെ ധരിപ്പിച്ചു. മുണ്ടക്കൈ മുതല്‍ ചൂരല്‍മല വരെയുള്ള ദുരന്തബാധിത പ്രദേശങ്ങളുടെ ഡ്രോണ്‍ ദൃശ്യങ്ങള്‍ കേന്ദ്രസംഘം പരിശോധിച്ചു. കാര്‍ഷിക വാണിജ്യ വിളകള്‍, കന്നുകാലി സമ്പത്ത്, വീട്, കെട്ടിടങ്ങള്‍, വാണിജ്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, റോഡുകള്‍, ഇലക്ട്രിസിറ്റി തുടങ്ങി വിവിധ അടിസ്ഥാന സൗകര്യമേഖലകളിലും കനത്ത നാശ നഷ്ടമാണുണ്ടായതെന്നും കേന്ദ്ര സംഘത്തെ അറിയിച്ചു.
ഓയില്‍ സീഡ് ഹൈദരബാദ് ഡയറക്ടര്‍ ഡോ. കെ. പൊന്നുസ്വാമി, ജിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യാ ഡെപ്യൂട്ടി ഡയറക്ടര്‍ വി. അമ്പിളി, കേന്ദ്ര റോഡ് ഗതാഗത വകുപ്പ് സൂപ്രണ്ടിങ്ങ് എഞ്ചിനീയര്‍ ബി.ടി. ശ്രീധര, ധനകാര്യ വകുപ്പിന് കീഴിലുള്ള എക്‌സ്‌പെന്റീച്ചര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ സുപ്രിയ മാലിക്, സിഡബ്ല്യൂസി ഡയറക്ടര്‍ കെ വി പ്രസാദ്, ഊര്‍ജ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍ കെ തിവാരി, ഗ്രാമ വികസന വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി രമാവതര്‍ മീണ, നാഷണല്‍ റിമോട്ട് സെന്‍സിങ്ങ് സെന്ററിലെ ജിയോ ഹസാര്‍ഡ് സയിന്റിസ്റ്റ് ഡോ. തപസ് മര്‍ത്ത എന്നിവരാണ് കേന്ദ്ര സംഘത്തിലുള്ളത്.
ചൂരല്‍മലയും മുണ്ടക്കൈയും സന്ദര്‍ശിച്ച കേന്ദ്രസംഘം രണ്ടു മണിക്കൂറോളം ദുരന്തസ്ഥലത്തു ചെലവഴിച്ച ശേഷമാണ് മടങ്ങിയത്. ദുരന്തത്തെ അതിജീവിച്ച പ്രദേശവാസികളുമായി സംഘം സംസാരിച്ചു. ദുരന്തത്തില്‍ തകര്‍ന്ന വെള്ളാര്‍മല സ്‌കൂളിന്റെ മുന്നിലൂടെയുള്ള റോഡിലൂടെ പടവെട്ടിക്കുന്ന് വരെ നടന്ന് ദുരന്തത്തിന്റെ തീവ്രതയും കേന്ദ്രസംഘം നേരില്‍ കണ്ടറിഞ്ഞു.
മന്ത്രിസഭാ ഉപസമിതി അംഗമായ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്, എംഎല്‍എമാരായ ടി സിദ്ധീഖ്, ഐ.സി ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, സ്‌പെഷ്യല്‍ ഓഫീസര്‍ സീറാം സാംബശിവ റാവു, റവന്യു ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍, കെ.എസ്.ഡി.എം.എ കോര്‍ഡിനേറ്റിങ്ങ് ഓഫീസര്‍ എസ്. അജ്മല്‍, സബ് കളക്ടര്‍ മിസാല്‍ സാഗര്‍ ഭഗത്, അസിസ്റ്റന്റ് കളക്ടര്‍ ഗൗതം രാജ്, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.

central governement Wayanad landslide