വൈദ്യുതികെണിയില്‍ തട്ടി തൊഴിലുറപ്പ് തൊഴിലാളി ഷോക്കേറ്റ് മരിച്ചു

ശനിയാഴ്ച രാവിലെ 9.30ഓടെയാണ് അപകടമുണ്ടായത്. വെള്ളൂര്‍ക്കോണം മുല്ലപ്പള്ളി കോണത്ത് പ്രവര്‍ത്തിക്കുന്ന കോഴി ഫാമിന് സമീപമായിരുന്നു ഇവര്‍ ജോലി ചെയ്തിരുന്നത്.

author-image
Prana
New Update
valsamma

കോഴിഫാമില്‍ കെണിയൊരുക്കിയ കമ്പിയില്‍ തട്ടി തൊഴിലുറപ്പ് തൊഴിലാളി ജോലിക്കിടെ ഷോക്കേറ്റ് മരിച്ചു. മാറനല്ലൂര്‍ ചീനിവിള അഞ്ചറവിള ലക്ഷം വീട്ടില്‍ അപ്പുക്കുട്ടന്റെ ഭാര്യ വത്സമ്മ (67) ആണ് മരിച്ചത്.
ശനിയാഴ്ച രാവിലെ 9.30ഓടെയാണ് അപകടമുണ്ടായത്. വെള്ളൂര്‍ക്കോണം മുല്ലപ്പള്ളി കോണത്ത് പ്രവര്‍ത്തിക്കുന്ന കോഴി ഫാമിന് സമീപമായിരുന്നു ഇവര്‍ ജോലി ചെയ്തിരുന്നത്. തെരുവ് നായ്ക്കളും, ഇഴജന്തുക്കളും ഉള്ളിലേക്ക് കടക്കുന്നത് തടയുന്നതിനുവേണ്ടി ഫാമിനുചുറ്റും വൈദ്യുതി കമ്പികള്‍ സ്ഥാപിച്ചിരുന്നു. മണ്‍വെട്ടി കൊണ്ട് പരിസരം വൃത്തിയാക്കുന്നതിനിടെ കമ്പിയില്‍ മണ്‍വെട്ടി തട്ടി വത്സമ്മ ഷോക്കേറ്റ് വീഴുകയായിരുന്നു.
അടുത്തുണ്ടായിരുന്ന തൊഴിലാളി സരസ്വതി ഓടിയെത്തി വത്സമ്മയെ പിടിക്കാന്‍ ശ്രമിച്ചപ്പോഴേക്കും അവര്‍ക്കും ഷോക്കേറ്റു. ഉടന്‍തന്നെ നാട്ടുകാരെ തൊഴിലാളികള്‍ വിളിച്ചുകൂട്ടി. നാട്ടുകാര്‍ എത്തിയപ്പോഴേക്കും വത്സമ്മ ബോധമില്ലാതെ തറയില്‍ വീണു കിടക്കുകയായിരുന്നു. നാട്ടുകാര്‍ കെഎസ്ഇബി അധികൃതരെ വിവരം അറിയിച്ചു.
അവരെത്തി വൈദ്യുതിബന്ധം വിച്ഛേദിച്ച ശേഷം വത്സമ്മയെ മാറ്റാന്‍ ശ്രമിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കോഴിഫാം ഉടമ മാറനല്ലൂര്‍ കോട്ടമുകള്‍ സ്വദേശി അരവിന്ദിനെ മാറനല്ലൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.

 

death elctric shock