കൊച്ചി: കുവൈറ്റ് അപകടത്തിന്റെ പശ്ചാത്തലത്തിൽ സംഭവ സ്ഥലത്തേക്ക് പുറപ്പെട്ട ആരോഗ്യമന്ത്രി വീണാ ജോർജിന്റെ യാത്രാനുമതി നിഷേധിച്ചത് കേന്ദ്രത്തിന്റെ തെറ്റായ നടപടിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.സംസ്ഥാന സർക്കാർ പ്രതിനിധി ഉണ്ടായിരുന്നെങ്കിൽ ഏകോപനം കൂടുതൽ എളുപ്പമായേനെ എന്നും സംഭവം ദൗർഭാഗ്യകരമെന്നും സതീശൻ പ്രതികരിച്ചു. കേന്ദ്രത്തിന്റേത് തെറ്റായ സന്ദേശമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രം യാത്രയ്ക്കുള്ള പൊളിറ്റിക്കൽ ക്ലിയറൻസ് നൽകാതിരുന്നതോടെയാണ് ആരോഗ്യമന്ത്രി വീണാ ജോർജ്ജിന്റെ കുവൈത്ത് യാത്ര മുടങ്ങിയത്.യാത്രയ്ക്കായി കഴിഞ്ഞ ദിവസം മന്ത്രി കൊച്ചി വിമാനത്താവളത്തിൽ എത്തിയിരുന്നു.പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായാണ് കുവൈറ്റിലേക്ക് പോകാൻ തീരുമാനിച്ചത്.എന്നാൽ ഓരോ സംസ്ഥാനങ്ങളും പ്രതിനിധികളെ അയക്കേണ്ടതില്ലെന്ന നിലപാടാണ് കേന്ദ്രസർക്കാർ സ്വീകരിച്ചത്. കേന്ദ്രമന്ത്രി കുവൈറ്റിലുണ്ടല്ലോ എന്നും കേന്ദ്രസർക്കാർ പ്രതികരിച്ചു. രേഖാമൂലമുള്ള മറുപടിയിൽ അനുമതിയില്ലെന്ന് മാത്രമായിരുന്നു വിശദീകരണം.
അതെസമയം അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ ഇന്ന് രാവിലെ 10.30ന് കൊച്ചിയിലെത്തിച്ചു. ഇന്ത്യൻ വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് മൃതദേഹങ്ങൾ എത്തിച്ചിരിക്കുന്നത്.സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും മൃതദേഹം ഏറ്റുവാങ്ങാൻ വിമാനത്താവളത്തിലെത്തി.
നെടുമ്പാശ്ശേരിയിൽ എത്തിയ മൃതദേഹങ്ങൾ പ്രത്യേകം ക്രമീകരിച്ച ആംബുലൻസുകളിൽ വീടുകളിലെത്തിക്കും. മന്ത്രി കെ രാജൻ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിച്ചേർന്നിട്ടുണ്ട്. കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയും വിമാനത്താവളത്തിലെത്തിയിട്ടുണ്ട്.