പത്തനംതിട്ട: കുവൈത്ത് തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ എണ്ണം 24 ആയതായി സ്ഥിരീകരിച്ച് നോർക്ക.അതെസമയം ഇക്കാര്യം ഔദ്യോഗികമായി സ്ഥിരികരിക്കേണ്ടത് വിദേശ കാര്യമന്ത്രാലയമാണെന്നും അതിന് ശേഷം മാത്രമേ ഔദ്യോഗിക കണക്കായി പരിഗണിക്കാൻ സാധിക്കൂ എന്നും നോർക്ക സിഇഒ അറിയിച്ചു.
തീപിടിത്തത്തിൽ പരിക്കേറ്റ 7 പേർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. തിരിച്ചറിയാത്ത മൃതദേഹങ്ങളുമുണ്ട്. ഡിഎൻഎ പരിശോധനക്ക് ശേഷം മാത്രമേ ഇത് ആരുടെയെന്ന് സ്ഥിരീകരിക്കാൻ സാധിക്കൂ എന്നും നോർക്ക വ്യക്തമാക്കുന്നു.
പ്രതിസന്ധികൾക്കിടയിൽ ജീവിതം കെട്ടിപ്പെടുക്കാനായി പ്രവാസ ജീവിതത്തിലേയ്ക്ക് കടന്നരാണ് തീപിടിത്തത്തിൽ മരണപ്പെട്ടവരെല്ലാം. മരണപ്പെട്ട പന്തളം മുടിയൂർക്കോണം സ്വദേശി ആകാശ് എസ് നായർ വീടിന്റെ ഏക താങ്ങും തണലുമായിരുന്നു.ആകാശിൻരെ അപ്രതീക്ശിത മരണത്തിൽ ഞെട്ടിയിരിക്കുകയാണ് ബന്ധുക്കളും നാട്ടുകാരും. 31 കാരനായ ആകാശിന്റെ അച്ഛൻ ചെറുപ്പത്തിലെ മരണപ്പെട്ടിരുന്നു.
അച്ഛന്റെ വിയോഗത്തെ തുടർന്ന് അമ്മയുടെ പരിചരണത്തിലായിരുന്നു വളർന്നതെങ്കിലും കുടുംബത്തിന് ആശ്വാസമാകാൻ ഗൾഫിലേക്ക് പോകുകയായിരുന്നു ആകാശ് .ബുധനാഴ്ച രാത്രി മകൻ ഫോണിൽ ബന്ധപ്പെടുമെന്ന് പ്രതീക്ഷിച്ചിരിക്കവെ ആയിരുന്നു ടെലിവിഷനിലൂടെ കുവൈത്തിലെ ദുരന്തവാർത്തയും തുടർന്ന് മകന്റെ മരണവാർത്തയും കുടുംബത്തെ തേടിയെത്തിയത്.
കഴിഞ്ഞ എട്ടുവർഷമായി വിദേശത്ത് ജോലിനോക്കുന്ന ആകാശ് അഗ്നിബാധയുണ്ടായ കമ്പനിയുടെ സ്റ്റോർ ഇൻ ചാർജായാണ് ജോലി ചെയ്തിരുന്നത്.രണ്ടു വർഷം മുമ്പായിരുന്നു ആകാശ് അവസാനമായി നാട്ടിലെത്തിയത്.ഈ വരുന്ന ഓണത്തിന് നാട്ടിലെത്താൻ ഇരിക്കെയായിരുന്നു ആകാശിന്റെ അപ്രതീക്ഷിത വിയോഗം.
ആറുനില കെട്ടിടത്തിലെ നാലാംനിലയിലെ താമസക്കാരനായിരുന്നു ആകാശ്. രാവിലെ മുതൽ ആകാശിനെഫോണിൽ വിളിച്ചിരുന്നെങ്കിലും ബന്ധപ്പെടാൻ സാധിച്ചിരുന്നില്ല. പിന്നീട് ഒരുപാട് തിരച്ചിലിനുശേഷമാണ് ആകാശ് മരിച്ച വിവരം അറിയുന്നതെന്നാണ് ബന്ധുക്കൾ പറയുന്നത്.