വയനാട് കുറുവ ദ്വീപിൽ ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായ നിർമാണ പ്രവർത്തനങ്ങൾക്ക് അനുമതി നൽകിയ സർക്കാർ ഉത്തരവ് ഹൈക്കോടതി വിലക്കി. മൃഗങ്ങൾക്കെതിരായ അതിക്രമവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ പരിഗണനയിലുള്ള ഹർജിയിൽ പുറപ്പെടുവിച്ച ഉത്തരവിലാണ് കുറുവ ദ്വീപിലെ നിർമാണത്തിന് അനുമതി വിലക്കിയത്.
ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാരും ജസ്റ്റിസ് പി. ഗോപിനാഥും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെതാണ് ഉത്തരവ്. കുറുവ ദ്വീപിൽ രണ്ട് കോടി രൂപയുടെ നിർമാണത്തിന് അനുമതി നൽകിയത് അഭിഭാഷകൻ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. ഇത്തരമൊരു അനുമതി എങ്ങനെ നൽകി എന്ന കാര്യത്തിൽ വിശദീകരണം നൽകാൻ അഡീഷണൽ അഡ്വക്കേറ്റ് ജനറലിനോട് ആവശ്യപ്പെട്ടു. കോടതിയുടെ തുടർ ഉത്തരവില്ലാതെ നിർമാണം നടത്തരുതെന്നാണ് നിർദേശം.