മതാടിസ്ഥാനത്തിലുള്ള പാര്‍ട്ടികള്‍ ഇനി വേണ്ടെന്ന് കെ.ടി ജലീല്‍

അന്‍വര്‍ മതനിരപേക്ഷവാദിയാണ്. സി.പി.എം മലപ്പുറം ജില്ലാ സെക്രട്ടറി മോഹന്‍ദാസിനെ കുറിച്ച് അന്‍വര്‍ ഉന്നയിച്ച ആരോപണം അദ്ദേഹത്തിന്റെ രാഷ്ട്രീയ എതിരാളികള്‍ പോലും പറയാത്തതാണെന്നും കെ.ടി ജലീല്‍ പറഞ്ഞു

author-image
Prana
New Update
kt jaleel

പി.വി. അന്‍വറിനെ വര്‍ഗീയതയുടെ കുഴിയില്‍ വീഴ്ത്താന്‍ വര്‍ഗീയ ശക്തികള്‍ ശ്രമിക്കുകയാണെന്ന് കെ.ടി ജലീല്‍. അന്‍വര്‍ മതനിരപേക്ഷവാദിയാണ്. സി.പി.എം മലപ്പുറം ജില്ലാ സെക്രട്ടറി മോഹന്‍ദാസിനെ കുറിച്ച് അന്‍വര്‍ ഉന്നയിച്ച ആരോപണം അദ്ദേഹത്തിന്റെ രാഷ്ട്രീയ എതിരാളികള്‍ പോലും പറയാത്തതാണെന്നും കെ.ടി ജലീല്‍ പറഞ്ഞു. മാതൃഭൂമി ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജലീല്‍.
മലപ്പുറം പരാമര്‍ശവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും ഓഫീസിനും യാതൊരു ബന്ധവുമില്ല എന്ന കാര്യം വ്യക്തമാണ്. മുഖ്യമന്ത്രി മലപ്പുറത്തെ പ്രീണിപ്പിക്കാന്‍ ശ്രമിക്കുന്നു എന്ന് പറഞ്ഞവരാണ് ഇപ്പോള്‍ മുഖ്യമന്ത്രിയെ മലപ്പുറത്തിനെതിരാക്കാന്‍ ശ്രമിക്കുന്നത്. സിപിഎമ്മിനെ ഒരേ സമയം മുസ്ലിം വിരുദ്ധരും ഹിന്ദു വിരുദ്ധരുമാക്കാന്‍ ശ്രമിക്കുകയാണ്.
ഈ വിഷയത്തില്‍ അന്‍വര്‍ നിസ്‌കാരത്തിന്റെ കാര്യമൊന്നും പറയേണ്ട ആവശ്യമുണ്ടായിരുന്നില്ല. സി.പി.എമ്മിനോട് സഹകരിച്ചിട്ട് തനിക്ക് ഇന്നേ വരെ അത്തരം അനുഭവമുണ്ടായിട്ടില്ല. മോഹന്‍ദാസിനെ കുറിച്ച് അന്‍വറുന്നയിച്ച ആരോപണം അദ്ദേഹത്തിന്റെ രാഷ്ട്രീയ എതിരാളികള്‍ പോലും പറയില്ല. മോഹന്‍ദാസ് വര്‍ഗീയവാദിയാണെന്ന് അന്‍വര്‍ പറഞ്ഞത് ഒട്ടും നീതിയുക്തമല്ല. മതാടിസ്ഥാനത്തിലുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ഇനി കേരളത്തില്‍ ഉണ്ടാവരുതെന്നും കെ.ടി ജലീല്‍ അഭിമുഖത്തില്‍ പറഞ്ഞു.

 

cpm KT jaleel pv anwar mla