തിരുവനന്തപുര: പി വി അൻവറിനൊപ്പമില്ലെന്ന് നിലപാട് വെളിപ്പെടുത്തി കെ ടി ജലീൽ എംഎൽഎ. അൻവറിനെ സഹായിക്കുന്ന നിലപാട് സ്വീകരിച്ചിട്ടില്ലെന്നും രാഷ്ട്രീയപരമായ വിയോജിപ്പ് പി വി അൻവറിനെ അറിയിക്കുമെന്നും കെ ടി ജലീൽ വ്യക്തമാക്കി. സിപിഎമ്മിനോട് ചേർന്ന് പ്രവർത്തിക്കും. വെടിവെച്ച് കൊല്ലുമെന്ന് പറഞ്ഞാലും മുഖ്യമന്ത്രിയെയും സിപിഎമ്മിനെയും തള്ളിപ്പറയില്ലെന്നും ജലീൽ പറഞ്ഞു. സിപിഎമ്മിനോടും ഇടത് മുന്നണിയോടും നന്ദികേട് കാണിക്കില്ല. അൻവറിനെതിരെ പാർട്ടി പറഞ്ഞാൽ പ്രചരണത്തിനിറങ്ങുമെന്നും ജലീൽ കൂട്ടിച്ചേർത്തു.
സമീപകാലത്ത് ഉയര്‍ന്നുവന്ന രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. പി.വി. അന്‍വര്‍ പോലീസ് സേനയെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളില്‍ ശരികള്‍ ഉണ്ടെന്ന് താന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു. പക്ഷേ, പോലീസ് സേനയില്‍ മൊത്തം പ്രശ്‌നമുണ്ടെന്ന് അന്‍വര്‍ പറഞ്ഞിട്ടില്ല. താന്‍ അഭിപ്രായവും വിമര്‍ശനവും പറയും, എന്നാല്‍ അന്‍വറിനെ സഹായിക്കുന്ന നിലപാട് എടുത്തിട്ടില്ലെന്നും ജലീല്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
എ.ഡി.ജി.പിയെ പൂർണ്ണമായി തന്നെ മാറ്റണമെന്നും അന്വേഷണ റിപ്പോർട്ട് ഉടൻ പുറത്തുവരുമെന്നും ജലീൽ പറഞ്ഞു. സുജിത്ദാസിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടായിരുന്നു, അതാണ് നടപടി എടുത്തത്. എ.ഡി.ജി.പി., ആർ.എസ്.എസ്. നേതാവിനെ കാണാൻ പാടില്ല. അതിനെ ആരും ന്യായീകരിക്കുന്നില്ല. ഉടൻ നടപടി ഉണ്ടാവും. അന്വേഷണം ശരിയായ ദിശയിൽ പോകുന്നുവെന്നാണ് എൻ്റെ ബോധ്യം. ആ ബോധ്യം അൻവറിന് ഉണ്ടാവണമെന്നില്ലെന്നും ജലീൽ കൂട്ടിചേർത്തു.