തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം.എൽ.എയ്ക്കുമെതിരെ കോടതിയിൽ ഹർജി സമർപ്പിച്ച് കെ.എസ്.ആർ.ടി.സി ഡ്രൈവർ എച്ച്.എൽ യദു. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹർജി സമർപ്പിച്ചത്. അതോടൊപ്പം, മേയർ പരാതിയിൽ പറയുന്ന കാര്യങ്ങളൊന്നും കണ്ടില്ലെന്ന കണ്ടക്ടർ സുബിന്റെ വാദത്തിനെതിരേ യദു പ്രതികരിച്ചു.
കണ്ടക്ടർ ഡി.വൈ.എഫ്.ഐ പ്രവർത്തകനാണ്. ബസിന്റെ മുൻപിൽ തന്നെയായിരുന്നു അദ്ദേഹം ഇരുന്നത്. തന്റെ മുമ്പിൽ നിന്ന് തന്നെയാണ് എം.എൽ.എയെ സഖാവേ എന്ന് വിളിച്ച് എഴുന്നേറ്റ് സീറ്റ് നൽകിയതും . എന്നിട്ട് ഇപ്പോൾ മൊഴി നൽകിയിരിക്കുന്നത് പിൻസീറ്റിലാണ് അദ്ദേഹം ഇരുന്നതെന്നാണ്- യദു പറഞ്ഞു.
അതേസമയം, മെമ്മറി കാര്‍ഡ് കാണാതായതിലും കണ്ടക്ടറെ സംശയമുണ്ടെന്നും തന്റെ സഹപ്രവർത്തകനെ താനൊരിക്കലും കുറ്റം പറയില്ല. പാർട്ടിയിൽ നിന്നുള്ള സമ്മർദമാകാം കാരണം. ഇക്കാര്യം നിയമം തെളിയിക്കേണ്ടതാണെന്നും യദു ചൂണ്ടിക്കാട്ടി.
ആര്യയോട് യദു ലൈംഗികച്ചുവയുള്ള ആംഗ്യം കാണിച്ചോയെന്ന് തനിക്കറിയില്ലെന്ന് കണ്ടക്ടർ കന്റോൺമെന്റ് പോലീസിന് മൊഴി നൽകിയിരുന്നു. ബസ് കാറിനെ ഓവർടേക്ക് ചെയ്യുന്നതും കണ്ടിട്ടില്ല. ബസിന്റെ പിൻസീറ്റിലാണ് താൻ ഇരുന്നതെന്നും അതിനാൽ പരാതിയിൽ പറയുന്ന കാര്യങ്ങളൊന്നും ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നുമാണ് സുബിന്റെ മൊഴി. വാഹനം നിർത്തി തർക്കവും ബഹളവുമുണ്ടായപ്പോൾ മാത്രമാണ് അറിഞ്ഞതെന്നുമാണ് പോലീസിനോടു പറഞ്ഞിട്ടുള്ളത്.
തനിക്കെതിരെ പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയ നടി റോഷ്ന ആര്‍ റോയിക്കെതിരെയും യദു പ്രതികരിച്ചു. മേയ് മൂന്നാം തീയതി വരെ അവർ എവിടെയായിരുന്നു. വഴിക്കടവ് ഷെഡ്യൂളിലാണ് ഓടിയിട്ടുള്ളത്. കോഴിക്കോട് മിന്നലിലും ഓടിയിട്ടുണ്ട്. കഴിഞ്ഞ മൂന്നു മാസത്തോളം തൃശ്ശൂര്‍ റൂട്ടിലായിരുന്നു സർവീസെന്നും യദു വ്യക്തമാക്കി.