KSRTC ജീവനക്കാരിൽനിന്ന് സിഎംഡിആർഎഫിലേക്ക് ശമ്പളം പിടിക്കില്ല; തീരുമാനം പിൻവലിച്ചു

ജീവനക്കാരുടെ അഞ്ചുദിവസത്തിൽ കുറയാത്ത ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകാനായിരുന്നു നിർദേശം. വയനാട് ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ടായിരുന്നു നടപടി.

author-image
Vishnupriya
New Update
ksrtc
Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരിൽനിന്ന് അഞ്ചുദിവസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നൽകണമെന്നുള്ള തീരുമാനം പിൻവലിച്ചു. ഗതാഗതവകുപ്പ് മന്ത്രി ഗണേഷ് കുമാറിന്റെ ഇടപെടലിനെ തുടർന്നാണ് തീരുമാനം. ഉത്തരവ് പിൻവലിക്കണമെന്ന് എംഡിക്ക് നിർദേശം നൽകിയതായാണ് വിവരം. ശമ്പളം കൃത്യമായി കിട്ടാത്ത ജീവനക്കാരിൽനിന്ന് ദുരിതാശ്വാസ നിധിയിലേക്ക് പണം പിടിക്കുന്നത് വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.

ബോണസും ഉത്സവബത്തയുമില്ലാതെ വലയുന്ന കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഇരുട്ടടിയായാണ് ശമ്പളത്തിൽനിന്ന് ദുരിതാശ്വാസ നിധിയിലേക്ക് പണംപിടിക്കാനുമുള്ള ഉത്തരവ് വന്നത്. ജീവനക്കാരുടെ അഞ്ചുദിവസത്തിൽ കുറയാത്ത ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകാനായിരുന്നു നിർദേശം. വയനാട് ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ടായിരുന്നു നടപടി.

അതേസമയം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുന്നത് നിർബന്ധമല്ലെന്നാണ് ഇതിനായി പുറത്തിറക്കിയ കെഎസ്ആർടിസി മാനേജിങ് ഡയറക്ടറുടെ ഉത്തരവിൽ പറഞ്ഞിരുന്നത്. തുക ഈടാക്കാനായി സമ്മതപത്രം ജീവനക്കാരിൽനിന്ന് സ്വീകരിക്കും. അഞ്ചുദിവസത്തെ വേതനം സംഭാവന ചെയ്യുന്നവർക്ക് മൂന്ന് ഗഡുക്കളായി തുക നൽകാമെന്നാണ് ഉത്തരവിൽ പറയുന്നത്. സിഎംഡിആർഎഫിലേക്ക് സംഭാവന നൽകുന്ന തുക സെപ്റ്റംബർ മാസത്തെ ശമ്പളം മുതൽ കുറവ് ചെയ്യും. ജീവനക്കാർക്ക് പിഎഫിൽനിന്ന് തുക അടയ്ക്കാമെന്നും നിർദേശമുണ്ടായിരുന്നു.

ksrtc cmdrf