കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞ് വൻ അപകടം; ഒരു മരണം

അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഒരാൾ മരിച്ചു. കോഴിക്കോട് തിരുവമ്പാടി പുല്ലൂരാംപാറയ്ക്ക് സമീപം കാളിയമ്പുഴയിലേക്കാണ് കെഎസ്ആർടിസി മറിഞ്ഞത്.

author-image
Anagha Rajeev
Updated On
New Update
ksrtc accident

KSRTC bus goes out of control and falls into river causing huge accident; a death

കോഴിക്കോട് : കോഴിക്കോട് കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഒരാൾ മരിച്ചു. കോഴിക്കോട് തിരുവമ്പാടി പുല്ലൂരാംപാറയ്ക്ക് സമീപം കാളിയമ്പുഴയിലേക്കാണ് കെഎസ്ആർടിസി മറിഞ്ഞത്. ബസിലുണ്ടായിരുന്ന കെഎസ്ആർടിസി കണ്ടക്ടർക്കും ഡ്രൈവർക്കും മറ്റു യാത്രക്കാർക്കുമാണ് പരിക്കേറ്റത്. ബസ് റോഡിൽ നിന്ന് നിയന്ത്രണം വിട്ട് പുഴയിലേക്ക് കീഴ്മേൽ മറിയുകയായിരുന്നു. ബസിൻറെ മുൻഭാഗത്തിരുന്ന മൂന്നു പേർക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റതായാണ് വിവരം. 

പുഴയോട് ചേർന്ന് കീഴ്മേൽ മറിഞ്ഞ നിലയിലാണ് കെഎസ്ആർടിസി ബസ്. കൈവരികളോ  സുരക്ഷാ ബാരിക്കേഡുകളോ ഇല്ലാത്ത പാലത്തിൽ നിന്നാണ് ബസ് പുഴയിലേക്ക് മറിഞ്ഞതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.അപകടം നടന്ന ഉടനെ തന്നെ ബസിലുണ്ടായിരുന്ന മുഴുവൻ പേരെയും പുറത്തെത്തിച്ചു. നാട്ടുകാരും പൊലീസും ഫയർഫോഴ്സും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. നാലോളം പേരെ പുഴയിൽ നിന്നാണ് രക്ഷപ്പെടുത്തിയത്.

ബസിൻറെ മുൻഭാഗത്തിനും പുഴയ്ക്കും ഇടയിൽ കുടുങ്ങിയവരെ ഏറെ ശ്രമകരമായാണ് പുറത്തെടുത്തത്. ഹൈഡ്രാളിക് കട്ടർ ഉൾപ്പെടെ ഉപയോഗിച്ച് ബസിൻറെ ഭാഗങ്ങൾ നീക്കിയശേഷമാണ് ചിലരെ പുറത്തെടുത്തത്.  പുഴയിലേക്ക് വീണ ബസ് ക്രെയിൻ ഉപയോഗിച്ച് പുറത്തേക്ക് കയറ്റാനാണ് ശ്രമം. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.

അപകടത്തിൻറെ കാരണം ഉൾപ്പെടെ ലഭ്യമായിട്ടില്ല. മുത്തപ്പൻ പുഴയിൽ നിന്ന് തിരുവമ്പാടിയിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസിയുടെ ഓർഡിനറി ബസാണ് അപകടത്തിൽപ്പെട്ടത്. 40ഓളം പേരാണ് ബസിലുണ്ടായിരുന്നതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ബസിൽ ഒരാൾ കുടുങ്ങി കിടക്കുന്നുവെന്ന സംശയത്തെ തുടർന്ന് രക്ഷാപ്രവർത്തനം തുടരുകയാണ്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും തിരുവമ്പാടിയിലെയും മുക്കത്തെയും ആശുപത്രികളിലേക്കുമാണ് കൊണ്ടുപോയത്.

ksrtc